ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമം….ഇന്ന് കൊച്ചിയിൽ തുടക്കമാകും….
Invest Kerala Global Investor Summit....to start in Kochi today....
കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും . മേളയിൽ കേന്ദ്ര മന്ത്രിമാരും വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും ഉൾപ്പെടെ 3000ത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാനത്തിന്‍റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന സമ്മേളനമാകും ഇന്‍വെസ്റ്റ് കേരള എന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍.
വ്യവസായ രംഗത്തെ കേരളത്തിൻറെ തുടക്കമാകുന്ന വേദിയായി നിക്ഷേപക സംഗമം മാറുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. രാജ്യത്തെ പ്രധാനപ്പെട്ട വൻകിട കമ്പനികളുടെ എല്ലാം പ്രതിനിധികളെ മേളയിലേക്ക് സർക്കാർ ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും വലിയ പ്രചരണ പരിപാടികളും സംഘടിപ്പിച്ച ശേഷമാണ് മേള നടത്തുന്നത്. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും, പിയൂഷ് ഗോയലും നിക്ഷേപക സംഗമത്തിന്റെ ഭാഗമാകും. യുഎഇയിൽ നിന്ന് ധനമന്ത്രിയും ബഹറിനിൽ നിന്ന് വ്യവസായ മന്ത്രിയും എത്തുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ അടക്കം പ്രമുഖരും നിക്ഷേപക സംഗമത്തിന്റെ ഭാഗമാകും. എത്ര രൂപയുടെ നിക്ഷേപം എത്തുമെന്ന കാര്യത്തിൽ മേളയുടെ രണ്ടാം ദിനത്തോട മാത്രമേ വ്യക്തതയുണ്ടാകു. വൻകിട ബ്രാൻഡുകളുടെ വമ്പൻ പദ്ധതികൾ മേളയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ സർക്കാരിനുണ്ട്.