ഇന്‍വെസ്റ്റ് കേരളയ്ക്ക് ഇന്ന് സമാപനം…
Invest Kerala concludes today...
ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമവുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം. സമാപന ദിവസമായ ഇന്ന് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് സര്‍ക്കാര്‍ പുറത്തു വിടുമെന്നാണ് പ്രതീക്ഷ. അദാനി ഗ്രൂപ്പും ലുലു ഗ്രൂപ്പും ആസ്റ്റര്‍ ഗ്രൂപ്പും കഴിഞ്ഞ ദിവസം തന്നെ വന്പൻ നിക്ഷേപങ്ങള്‍ കേരളത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുപ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. എണ്ണൂറ്റിയന്പത് കോടി രൂപയുടെ നിക്ഷേപമാണ് ആസ്റ്റര്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. തെലങ്കാനയിലെ കൃഷ്ണാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും മൂവായിരം കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ഭക്ഷ്യ സംസ്കരണ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് പറഞ്ഞ ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി നിക്ഷേപ തുക ഇന്ന് പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. യുഎഇ, ബഹറൈന്‍ രാജ്യങ്ങളില്‍ നിന്നും വന്പൻ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക.