രാഹുൽ മാങ്കൂട്ടത്തിൽ മൂക്കാതെ പഴുത്തത്.. എംഎൽഎ സ്ഥാനം തിരിച്ച് വാങ്ങണം..

രാഹുലിന്റെ രാജി ആവശ്യപ്പെട്ട് ഐഎൻടിയുസി യുവജന വിഭാഗം സംസ്ഥാന കമ്മിറ്റി. തൃശ്ശൂർ ഐഎൻടിയുസി ഭവനിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് ആവശ്യം ഉയർന്നത്. കോൺഗ്രസിന്റെ മൂല്യവും ചരിത്രവും അറിയാത്തവർ പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നുവെന്ന് യോ​ഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. പാർട്ടി ഭാരവാഹിത്വം ക്രിമിനൽ കുറ്റകൃത്യങ്ങൾക്കുള്ള പ്രിവിലേജായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും യോ​ഗത്തിൽ വിമർശനം ഉയർന്നു.

രാഹുൽ മാങ്കൂട്ടത്തിൽ മൂക്കാതെ പഴുത്തതാണെന്നും എംഎൽഎ സ്ഥാനം തിരിച്ച് വാങ്ങണമെന്നും യോ​ഗത്തിൽ ആവശ്യം ഉയർന്നു. ഒരു സ്ത്രീയെ കൊല്ലാൻ തനിക്ക് നിമിഷങ്ങൾ മതിയെന്ന് പറയുന്നത് ക്രിമിനൽ മനസ്സാണ്. അതിന് രാഹുലിന് ആത്മവിശ്വാസം നൽകുന്നത് രാഷ്ട്രീയ പ്രിവിലേജാണ്. എംഎൽഎ സ്ഥാനവും പാർട്ടി അധികാര സ്ഥാനങ്ങളും തിരികെ വാങ്ങണം. വോട്ട് ചെയ്ത ജനങ്ങൾക്ക് തിരികെ വിളിക്കാൻ അധികാരമില്ല. എന്നാൽ പാർട്ടി തിരിച്ച് വിളിക്കണമെന്നും യോ​ഗത്തിൽ ആവശ്യം ഉയർന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാൻ നേരത്തെ പ്രതികരിച്ചിരുന്നു. കേരളത്തിലെ സ്ത്രീകളുടെ മനസാക്ഷിക്കൊപ്പം നില്‍ക്കുക എന്ന ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതുണ്ട്. രാഹുലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കേന്ദ്ര, സംസ്ഥാന നേതൃത്തോട് സംസാരിച്ചിരുന്നുവെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ അടിയന്തരമായി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ഉമാ തോമസ് എംഎല്‍എയും ആവശ്യപ്പെട്ടിരുന്നു. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ രാഹുലിന് അര്‍ഹതയില്ല. തെറ്റുചെയ്തിട്ടില്ലെന്ന ബോധ്യമുണ്ടെങ്കില്‍ രാഹുല്‍ മാനനഷ്ടക്കേസ് നല്‍കമായിരുന്നു. പ്രതികരിക്കാത്തതിനാല്‍ ആരോപണങ്ങള്‍ സത്യമാണെന്ന് വേണം കരുതാന്‍. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നും ഉമാ തോമസ് എംഎല്‍എ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമയും പ്രതികരിച്ചിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിനെ മാറ്റി. എംഎല്‍എ സ്ഥാനത്ത് നിന്ന് മാറ്റണോ എന്ന കാര്യത്തിലും ആ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കണം. ഇത്തരം വ്യക്തികള്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കാന്‍ അര്‍ഹനല്ല. മുകേഷ് എംഎല്‍എയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടവരാണ് തങ്ങള്‍. ഈ വിഷയത്തിലും അതുതന്നെയാണ് നിലപാടെന്നും കെ കെ രമ വ്യക്തമാക്കി.

Related Articles

Back to top button