ഭക്ഷണത്തിൽ തുപ്പി..സ്വയം തീ കൊളുത്തി തടവുകാരുടെ പ്രതിഷേധം…

ജയിലിലെ സൌകര്യങ്ങളേക്കുറിച്ച് തടവുകാർക്ക് പരാതി. സ്വയം തീ കൊളുത്തി തടവുകാരുടെ പ്രതിഷേധം. അമേരിക്കയിലെ വിർജീനിയയിലെ അതി സുരക്ഷാ ജയിലിലാണ് സംഭവം. റെഡ് ഒണിയൻ സ്റ്റേറ്റ് ജയിലിലാണ് വംശീയ ആക്രമണം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് കറുത്ത വർഗക്കാരായ തടവുകാരുടെ പ്രതിഷേധം. സെപ്തംബർ മുതൽ ആരംഭിച്ച പ്രതിഷേധത്തിനിടയിൽ 27 തടവുകാരാണ് സ്വയം തീ കൊളുത്തി പൊള്ളലേറ്റിട്ടുള്ളത്.

എന്നാൽ ആറ് സംഭവങ്ങളാണ് ഇത്തരത്തിലുണ്ടായതെന്നാണ് അധികൃതർ വാദിക്കുന്നത്. ഇലക്ട്രിക്കൽ കേബിളുകളിൽ ചില കൃത്രിമത്വങ്ങൾ കാണിച്ചാണ് ഇവർ സ്വയം തീ കൊളുത്തിയതെന്നാണ് ജയിൽ അധികൃതർ വിശദമാക്കുന്നത്. പൊള്ളലേറ്റവർ ചികിത്സയിൽ തുടരുകയാണെന്നും അധികൃതർ വിശദമാക്കുന്നത്. ഇവരുടെ മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള നടപടികളും സ്വീകരിച്ചതായാണ് ജയിൽ അധികൃതർ വിശദമാക്കുന്നത്. പേര് വിളിയിലെ പരിഹാസം, ഭക്ഷണത്തിൽ തുപ്പിയിടുക അടക്കമുള്ളവയാണ് ഏകാന്ത തടവുകളിൽ അടക്കം കഴിയുന്നവർ നേരിടേണ്ടി വന്നുവെന്നാണ് തടവുകാരുടെ പ്രതികരണത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിലെ ജയിലിലെ സാഹചര്യങ്ങളിൽ മാറ്റമുണ്ടായില്ലെങ്കിൽ വീണ്ടും സമാന രീതിയിലെ നടപടി സ്വീകരിക്കേണ്ടി വരുമെന്നാണ് തടവുകാരിലൊരാൾ ആശുപത്രി ജീവനക്കാരോട് വിശദമാക്കിയിട്ടുള്ളത്. ഈ ജയിലിൽ താമസിക്കുന്നതിനേക്കാൾ മരണമാണ് നല്ലതാണെന്ന് തോന്നുന്ന നിലയിലെ പ്രതികരണമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെ്നുമാണ് ഇകോംഗ് ഇഷീയേറ്റ് എന്ന 28കാരനായ തടവുകാരൻ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

1998ൽ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ തന്നെ കുപ്രസിദ്ധമാണ് റെഡ് ഒനിയൻ സ്റ്റേറ്റ് പ്രിസൺ. ജയിലിൽ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ച് ആംനെസ്റ്റി ഇന്റർനാഷണൽ അടക്കം രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. മൂന്നിൽ രണ്ട് ഭാഗം തടവുകാരെയും ഇവിടെ ഏകാന്ത തടവിലാണ് പാർപ്പിച്ചിരിക്കുന്നത്. രണ്ട് ആഴ്ച മുതൽ 14 വർഷം വരെയാണ് ഈ ഏകാന്ത തടവ്. നേരത്തെ തടവുകാർ ഇവിടെ നിരാഹാര സമരം നടത്തിയത് വാർത്തയായിരുന്നു.

Related Articles

Back to top button