അന്തർ സംസ്ഥാന ബോട്ടുകൾ മടങ്ങിത്തുടങ്ങി..ട്രോളിങ് നിരോധനം..
ട്രോളിങ് നിരോധനത്തോടനുബന്ധിച്ച് അഴീക്കൽ തീരത്ത് മീൻപിടിത്തം നടത്തുന്ന അന്തർ സംസ്ഥാന ബോട്ടുകൾ തീരം വിട്ടുപോയിത്തുടങ്ങി. ജില്ലയിൽ തലായി, ആയിക്കര, അഴീക്കൽ എന്നീ കടപ്പുറത്താണ് ട്രോളിങ് ഏർപ്പെടുത്തുന്നത്. ട്രോളിങ് നിരോധനം ഒമ്പതിന് അർധരാത്രി മുതൽ നിലവിൽവരും. ജൂലൈ 31 അർധരാത്രി വരെയാണ് നിരോധനം. ഒമ്പതിന് അർധരാത്രി 12നുമുമ്പായി എല്ലാ ബോട്ടുകളും ഹാർബറുകളിൽ പ്രവേശിക്കണം.
നിരോധന കാലയളവിൽ മീൻപിടിത്ത ബോട്ടുകൾ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ലെന്ന് ഫിഷറീസ് വകുപ്പ് ഇതിനകം അറിയിച്ചു. ട്രോളിങ് നിരോധന കാലയളവിൽ കടലോര മേഖലകളിൽ പൊലീസ് നിരീക്ഷണവും കടൽ നിരീക്ഷണവും ശക്തമാക്കാൻ എ.ഡി.എം ഇൻ ചാർജ് കെ.വി. ശ്രുതിയുടെ അധ്യക്ഷതയിൽ ചേർന്ന ട്രോളിങ് നിരോധന മുന്നൊരുക്കയോഗം തീരുമാനിച്ചു.
സുരക്ഷാമാനദണ്ഡങ്ങൾ കർശനമാക്കിയതിനാൽ പരമ്പരാഗത യാനങ്ങളിൽ ആധാർ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവയുള്ള തൊഴിലാളികളെ മാത്രമേ മത്സ്യബന്ധനത്തിന് ഉപയോഗിക്കാവൂയെന്ന് ഉടമകൾക്ക് നിർദേശം നൽകി. കണ്ണൂർ ആയിക്കര മത്സ്യബന്ധന തുറമുഖത്ത് രാത്രി എട്ടിനുശേഷം മത്സ്യത്തൊഴിലാളികളുടേതല്ലാത്ത വാഹനങ്ങൾ കടത്തിവിടുന്നത് നിരോധിക്കും. ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങും.