ഇമെയിൽ ലഭിച്ചത് 240 ജീവനക്കാർക്ക്, എല്ലാവർക്കും താത്കാലികാശ്വാസം നൽകും.. ഇൻഫോസിസിൽ നടക്കുന്നത്…
പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. മൈസുരു ട്രെയിനിംഗ് ക്യാമ്പസിൽ നിന്ന് 240 എൻട്രി ലെവൽ ജീവനക്കാരെ പിരിച്ചുവിട്ടു. ആഭ്യന്തര പരീക്ഷകൾ പാസ്സായില്ലെന്ന് കാണിച്ചാണ് പിരിച്ചുവിടൽ. ഫെബ്രുവരിയിലും നാനൂറോളം ട്രെയിനികളെ ഇൻഫോസിസ് പിരിച്ചു വിട്ടിരുന്നു. ഇന്ന് രാവിലെയാണ് പലർക്കും പിരിച്ചുവിടൽ സംബന്ധിച്ച സന്ദേശം ഇ-മെയിലിൽ ലഭിച്ചത്. പിരിച്ച് വിടുന്നവർക്ക് താൽക്കാലികാശ്വാസം നൽകുമെന്ന് ഇൻഫോസിസ്. നേരത്തേയുള്ള കൂട്ടപ്പിരിച്ച് വിടലിനെത്തുടർന്ന് ഉണ്ടായ പ്രതിഷേധം ഒഴിവാക്കാനാണ് നീക്കം. എൻഐഐടി, അപ്ഗ്രേഡ് പോലുള്ള പരിശീലന കോഴ്‌സുകൾ സൗജന്യമായി ലഭ്യമാക്കും എന്നും ഔട്ട് പ്ലേസ്മെന്‍റ് സർവീസുകൾ പരമാവധി നൽകാൻ ശ്രമിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു മാസത്തെ ശമ്പളവും താമസ ചെലവും നൽകുമെന്നും ഇ-മെയിലിൽ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ മൈസുരു ട്രെയിനിംഗ് സെന്‍ററിൽ നിന്ന് ബെംഗളുരുവിലേക്കോ നാട്ടിലേക്കോ ട്രാവൽ അലവൻസും നൽകും
നേരത്തേ പിരിച്ച് വിട്ടവർക്ക് ഒരു തരത്തിലുള്ള താത്കാലിക ആശ്വാസവും വലിയ പ്രതിഷേധമുയർത്തിയിരുന്നു. അതേസമയം ഒരു ട്രെയിനി ബാച്ചിന്‍റെ ഫലം കൂടി അടുത്തയാഴ്ച വരാനുണ്ട്. ആഗോള വിപണിയിലെ സാമ്പത്തിക മാന്ദ്യം മൂലം പ്രോജക്റ്റുകൾ ഇൻഫോസിസ് വെട്ടിച്ചുരുക്കുന്നുവെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ഇതേത്തുടർന്നുള്ള ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടൽ