ജോലി എന്തുമായിക്കൊള്ളട്ടെ ഇനി എക്സ്ട്രാ വരുമാനമുണ്ടാക്കാൻ എന്തെളുപ്പം..
തിരക്കേറിയ നഗരങ്ങളിലെ സ്ഥിരം കാഴ്ചയാണ് ട്രാഫിക് ബ്ലോക്കുകൾ. അര മണിക്കൂറു കൊണ്ട് എത്തേണ്ടിടത്ത് ചിലപ്പോൾ രണ്ടും മൂന്നും മണിക്കൂറുകൾ ട്രാഫിക്കിൽ കിടക്കേണ്ടി വരും. എന്നാൽ അവിടെയും ടൂവീലർ യാത്രക്കാർക്ക് വലിയ പ്രശ്നം വരാറില്ല. കുറച്ചു സ്ഥലമേയുള്ളുവെങ്കിലും അവർക്ക് എങ്ങനെയെങ്കിലുമൊക്കെ നൂണ്ട് പോകാനാകും. ഈ സാഹചര്യത്തിലാണ് ബെംഗളുരു നഗരത്തിൽ ബൈക്ക് ടാക്സികൾ സജീവമായിരിക്കുന്നത്. ബൈക്ക് ടാക്സി വിളിച്ച ഒരു യുവതിയുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.ബെംഗളൂരുവിലെ ട്രാഫിക്കിൽ വലയാതിരിക്കാനായി പലരും ഇപ്പോൾ അവലംബിക്കുന്ന ഒരു യാത്രാമാർഗമാണ് ബൈക്ക് ടാക്സികൾ. ട്രാഫിക്കിൽ നേരത്തിനും കാലത്തിനും എങ്ങനെയെങ്കിലും എത്തേണ്ടിടത്ത് എത്തിച്ചോളും എന്നതാണ് പലരും ബൈക്ക് ടാക്സികൾ തിരഞ്ഞെടുക്കാനുള്ള കാരണമായി പറയുന്നത്. അതുപോലെ ഈ യുവതിയും ഓഫീസിൽ പോകാനായി പലപ്പോഴും ബൈക്ക് ടാക്സി തന്നെയാണ് വിളിക്കാറ്. 10 മിനിറ്റിനുള്ളിൽ ഓഫീസിൽ എത്തുമെന്നും യുവതി പറയുന്നു.
അതുപോലെ അന്നും യുവതി വിളിച്ചത് ബൈക്ക് ടാക്സിയാണ്. എന്നാൽ ഫോൺ എടുത്തപ്പോൾ കോർപറേറ്റ് ജോലിക്കാർ ചോദിക്കുന്നത് പോലെയാണ് റൈഡറായ യുവാവ്, ‘ഞാൻ പറയുന്നത് കേൾക്കാമോ’ എന്ന് ചോദിച്ചത്. റൈഡറുമായുള്ള സംഭാഷണത്തിനിടെ അയാൾ പറഞ്ഞത്, അയാൾ ഇൻഫോസിസിൽ ജോലിക്കാരനാണ് എന്നാണ്. ലീവ് ദിവസങ്ങളിൽ വെറുതെ ഇരുന്ന് സോഷ്യൽ മീഡിയ നോക്കുന്നതിന് പകരം എന്തുകൊണ്ട് കുറച്ച് കാശ് കൂടി ഉണ്ടാക്കിക്കൂടാ എന്ന് തോന്നി. അങ്ങനെയാണ് ബൈക്ക് ടാക്സി ഓടിക്കുന്നത് എന്നാണ് യുവാവ് പറഞ്ഞത്.
ഇതുപോലെ ഊബർ ടാക്സി വിളിച്ചപ്പോൾ വന്ന ഒരു യുവാവ് പറഞ്ഞത് അയാൾ B2B ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുന്നു എന്നാണ്. പ്രീമിയം ബൈക്കുമായിട്ടാണ് ആളെത്തിയത്. ഓഫീസിൽ പോകുമ്പോൾ തനിച്ച് പോകണ്ടല്ലോ എന്ന് കരുതി ബൈക്ക് ടാക്സി ഓടിക്കുന്നു. ഒപ്പം കുറച്ച് കാശും കിട്ടുമല്ലോ എന്നാണത്രെ ഇയാൾ പറഞ്ഞത്.
അടുത്തിടെയാണ് ഇതുപോലെ ഒരു മൈക്രോസോഫ്റ്റ് ജീവനക്കാരൻ ഏകാന്തതയെ ചെറുക്കുന്നതിനായി ടാക്സി ഓടിക്കുന്നതായി വാർത്ത വന്നത്. ആളുകൾ തിരക്കിലായി ഇത്തരം വലിയ പ്രതിസന്ധികളെ മറികടക്കുകയാണോ എന്നും പോസ്റ്റിൽ യുവതി ചോദിക്കുന്നു.