ഒരു മില്യണിലേറെ ഫോളോവേഴ്‌സ്.. ഹണിട്രാപ്പിൽ കുടുക്കി കോടികൾ തട്ടാൻ ശ്രമിച്ച കേസിൽ ഇൻഫ്ലുവൻസർ പിടിയിൽ…
ബിൽഡറെ ഹണിട്രാപ്പിൽ കുടുക്കി കോടികൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. 10 മാസത്തിലേറെയായി ഒളിവിലായിരുന്ന കീർത്തി പട്ടേലാണ് പിടിയിലായത്. യുവതിക്ക് ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിലേറെ ഫോളോവേഴ്‌സുണ്ട്. കഴിഞ്ഞ വർഷം ജൂൺ 2 നാണ് കീർത്തിക്കെതിരെ സൂറത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.
സൂറത്തിലെ കെട്ടിട നിർമാതാവിനെ ഹണിട്രാപ്പിൽ കുടുക്കി ബ്ലാക്ക് മെയിൽ ചെയ്ത് കോടികൾ ആവശ്യപ്പെട്ടെന്നാണ് കീർത്തിക്കെതിരായ കേസ്. ഈ സംഭവത്തിൽ വേറെ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൂറത്തിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും നഗരം മാറിയും ഇടയ്ക്കിടെ സിം കാർഡുകൾ മാറ്റിയും കീർത്തി പൊലീസിനെ വെട്ടിച്ചു കഴിഞ്ഞു. അഹമ്മദാബാദിലെ സർഖേജിൽ നിന്നാണ് കീർത്തിയെ പിടികൂടിയത്.
10 മാസമായി കീർത്തി പട്ടേലിനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു കീർത്തി. സൈബർ വിദഗ്ധരുടെ സഹായത്തോടെയാണ് കീർത്തി എവിടെയെന്ന് കണ്ടെത്തിയത്. ഹണിട്രാപ്പിങ്, പിടിച്ചുപറി എന്നീ കുറ്റങ്ങൾ അവർക്കെതിരെ ചുമത്തി.