രോഗികൾക്ക് ആശ്വാസം; വമ്പൻ പ്രഖ്യാപനവുമായി വ്യവസായ മന്ത്രി പി രാജീവ്

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ മരുന്നും തുടർചികിത്സയും ഉറപ്പാക്കാൻ എല്ലാ പഞ്ചായത്തിലും പ്രത്യേക മെഡിക്കൽ സ്റ്റോറുകൾ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. മന്ത്രിയുടെ നേതൃത്വത്തിൽ കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന ഒപ്പം മെഡിക്കൽ ക്യാമ്പ് അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് വർഷം കൊണ്ട് കാൽ ലക്ഷം പേർക്കാണ് ക്യാമ്പിലൂടെ സൗജന്യ ചികിത്സ ലഭിച്ചത് .പദ്ധതിയുടെ ഭാഗമായി ഇതുവരെ 2246 തിമിര ശസ്ത്രക്രിയകളും, 44 മുട്ടുമാറ്റൽ ശസ്ത്രക്രിയകളും, 116 പേർക്ക് കേൾവി സഹായികളുടെ വിതരണവും സൗജന്യമായി പൂർത്തിയാക്കി. കൂടാതെ പ്ലാസ്റ്റിക് സർജറി, സ്പെഷ്യാലിറ്റി സർജറികൾ, വിവിധ സ്കാനിംഗുകൾ എന്നിവയുൾപ്പെടെ വിപുലമായ ചികിത്സാ സൗകര്യങ്ങളാണ് ഉറപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.
കൊച്ചി ബി.പി.സി.എൽ, ഐ.എം.എ എന്നിവയുടെ സഹകരണത്തോടെ, എറണാകുളത്തെ പ്രമുഖ ആശുപത്രികളിലെ സീനിയർ കൺസൾട്ടന്റുമാരെയും അത്യാധുനിക സൗകര്യങ്ങളെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. കളമശ്ശേരി മണ്ഡലത്തെ സമ്പൂർണ്ണ സിപിആർ സാക്ഷരത മണ്ഡലമാക്കുന്നതിന്റെ ഭാഗമായി എല്ലാ ആളുകൾക്കും രണ്ട് ദിവസത്തെ പ്രത്യേക പരിശീലനം നൽകും. തിമിരരഹിത മണ്ഡലമായി കളമശ്ശേരിയെ മാറ്റുനന്നതിനായി ക്യാമ്പിന് ശേഷവും പ്രാദേശികമായി പരിശോധനകൾ തുടരുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കളമശ്ശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ അധ്യക്ഷനായി. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, ഹൃദയ ശസ്ത്രക്രിയ വിദഗ്ദൻ ഡോ.ജോസ് ചാക്കോ പെരിയപ്പുറം, ഏലൂർ നഗരസഭ ചെയർപേഴ്സൺ ലൈജി സജീവൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത സത്യകുമാർ, ടി. എ. മുജീബ്, ഗീത കൃഷ്ണൻ, വിജി ജോജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി. എ. സെബാസ്റ്റ്യൻ, സെബി മുഹമ്മദലി, കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എസ്. എസ്. മിനി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഷീജ, ഐ എസ് എം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഷീജ, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.മേഴ്സി ഗോൺസാവൽസ്, കൊച്ചി ഐ എം എ പ്രസിഡന്റ് അതുൽ ജോസഫ് മാനുവൽ, സെക്രട്ടറി സച്ചിൻ സുരേഷ്, ലിസി ആശുപത്രി ഡയറക്ടർ ഫാ.പോൾ കരേടൻ, രാജഗിരി ആശുപത്രി ഡയറക്ടർ – അഡ്മിനിസ്ട്രേഷൻ ഫാ.ജോയ് കിളിക്കുന്നേൽ, ആസ്റ്റർ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. നളൻ ജയദേവ്, ലേക്ക്ഷോർ ആശുപത്രി സി ഇ ഒ ജയേഷ് വി. നായർ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി സി ഇ ഒ ഡോ.ജെ.ജേക്കബ്, എഫ്.എ.എ ചാരിറ്റബിൾ ആക്ടിവിറ്റീസ് കോർഡിനേറ്റർ ഡോ. ജുനൈദ് റഹ്മാൻ, ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹൻ, ജനറൽ കൺവീനർ എം ആർ രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.




