‘ആര് മുഖ്യമന്ത്രിയാകണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്…രമേശ് ചെന്നിത്തല…
പത്തനംതിട്ട: ആര് മുഖ്യമന്ത്രിയാകണം എന്നത് സംബന്ധിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്ക് ഉണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താൻ ഇതുവരെ ഒരു സ്ഥാനവും ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടില്ലെന്നും ജനങ്ങൾക്ക് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കഴിഞ്ഞ നാല് വർഷമായി തനിക്ക് ഒരു സ്ഥാനവുമില്ല. രമേശ് ചെന്നിത്തലയ്ക്ക് ഒരു സ്ഥാനവും വേണമെന്നില്ല. നാളെയും ഇതുപോലെ തന്നെ തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നേതാവാണ് രമേശ് ചെന്നിത്തലയെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.
കെപിസിസി പ്രസിഡൻ്റിനെ സംബന്ധിച്ച് ഹൈക്കമാൻഡ് അഭിപ്രായം ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. എൻഎസ്എസ്സിന്റെ പരിപാടിയിലേക്ക് ആരെ വിളിക്കണം എന്നുള്ളത് എൻഎസ്എസ് നേതൃത്വമാണ് തീരുമാനിക്കുന്നത്. പരിപാടിയിലേക്ക് വിളിച്ചു, അഭിമാനപൂർവ്വം ആ പരിപാടിയിൽ പങ്കെടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.