പാക് വ്യോമതാവളം തകർത്തത് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍….സ്ഥിരീകരിച്ച് പാകിസ്ഥാന്‍…
പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി 9 ഭീകരവാദ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ, ഇന്ത്യ തങ്ങളുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ബ്രഹ്മോസ് മിസൈല്‍ പ്രയോഗിച്ചതായി പാകിസ്ഥാൻ. പാകിസ്ഥാൻ വ്യോമത്താവളങ്ങള്‍ക്ക് നേരെ ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ പ്രയോഗിച്ചതായി പാകിസ്ഥാൻ സൈനിക വക്താവാണ് പാക് മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ തന്നെ ഇന്ത്യൻ സൈന്യം പാകിസ്ഥാന് നേരെ ബ്രഹ്മോസ് മിസൈലുകൾ പ്രയോഗിച്ചതായി ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളിൽ ഒന്നാണ് ബ്രഹ്മോസ്. റഡാറുകളെ ഭേതിച്ച് ലക്ഷ്യ സ്ഥാനത്ത് എത്താനുള്ള ശേഷിയുള്ള, ഏറെ സവിശേഷതകളുള്ളതാണ് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകൾ. പാക് സൈനിക വക്താവിന്‍റെ പ്രസ്താവന ശരിയാണെങ്കിൽ, ആദ്യമായിട്ടാണ് ഇന്ത്യ ഒരു സംഘർഷത്തിൽ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിക്കുന്നത്. പാകിസ്ഥാന്‍റെ വ്യോമ താവളങ്ങൾ തകർക്കാനും എയർ റഡാർ സംവിധാനങ്ങൾ തകർക്കാനും ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.