അമേരിക്കയ്ക്ക് തിരിച്ചടി, രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ഇടിവ്…
അമേരിക്ക സന്ദര്‍ശിക്കുന്ന രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2001ന് ശേഷം ആദ്യമായി യുഎസ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും യുഎസ് വാണിജ്യ വകുപ്പിന്റെ നാഷനല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫിസ് (എന്‍ടിടിഒ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു
2025 ജൂണില്‍ 2.1 ലക്ഷം ഇന്ത്യക്കാരാണ് യുഎസിലേക്ക് യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇത് 2.3 ലക്ഷമായിരുന്നു. കണക്കുകള്‍ പ്രകാരം 8 ശതമാനം കുറവാണ് കാണിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്കു വരുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. യുഎസിലേക്കുള്ള മൊത്തത്തിലുള്ള രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തിലും ജൂണില്‍ 6.2 ശതമാനം, മേയില്‍ 7 ശതമാനം, മാര്‍ച്ചില്‍ 8 ശതമാനം, ഫെബ്രുവരിയില്‍ 1.9 ശതമാനം എന്നിങ്ങനെ കുറവുണ്ടായതായി എന്‍ടിടിഒ ഡേറ്റ കാണിക്കുന്നു.
ഇത് 2024 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം 5.5 ശതമാനം ഇടിവാണ് കാണിക്കുന്നത്. എന്നാല്‍ ഈ മാന്ദ്യം ആഗോള പ്രവണതയുടെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.അതേസമയം, ജനുവരിയിലും ഏപ്രിലിലും മാത്രമാണ് യഥാക്രമം 4.7 ശതമാനത്തിന്റെയും 1.3 ശതമാനത്തിന്റെയും വര്‍ധനവ് ഉണ്ടായത്.