മുൻ ഇന്ത്യൻ വനിത ഗോൾകീപ്പർ അഥിതി ചൗഹാൻ പ്രൊഫഷണൽ ഫുടബോളിൽ നിന്നും വിരമിച്ചു..
മുൻ ഇന്ത്യൻ വനിത ഗോൾകീപ്പർ അഥിതി ചൗഹാൻ വിരമിച്ചു. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2023 വരെ ഇന്ത്യൻ ദേശീയ ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്ന അഥിതി ഇംഗ്ലീഷ് ക്ലബ് വെസ്റ്റ്ഹാമിൽ മൂന്ന് വർഷം കളിച്ചിട്ടുണ്ട്.
ഡൽഹി യൂണിവേഴ്സിറ്റിയുടെ ഫുടബോൾ ജീവിതം ആരംഭിച്ച അഥിതി ബിരുദാനന്ദര ബിരുദ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് ചേക്കേറിയതോടെയാണ് താരത്തിന്റെ കരിയർ മാറിമറിയുന്നത്. കോളേജ് ടീമിനെ പ്രതിനിധീകരിച്ച് തുടങ്ങിയ അഥിതി വെസ്റ്റ്ഹാമിന്റെ ട്രയൽസിൽ പങ്കെടുക്കുകയും തുടർന്ന് ടീമിന്റെ ഭാഗമാവുകയും ചെയ്തു. മൂന്ന് വർഷം വെസ്റ്റ്ഹാമിൽ കളിച്ച താരം 20 മത്സരങ്ങൾ ടീമിനായി വലകാത്തു. ഇംഗ്ലീഷ് ഫുട്ബോളിൽ പന്ത് തട്ടുന്ന ആദ്യ ഇന്ത്യൻ വനിത താരമാണ് അഥിതി.
2018 ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അഥിതി ഇന്ത്യ റഷ് ക്ലബിനായി ഒരു വർഷം ബൂട്ടണിഞ്ഞു. തൊട്ടടുത്ത സീസണിൽ ഗോകുലം കേരളക്കൊപ്പം ഇന്ത്യൻ വുമൺസ് ലീഗിൽ കളിച്ച താരം ടീമിന്റെ കിരീട ധാരണത്തിൽ നിർണായക സാന്നിധ്യമായി. രണ്ട് വുമൺസ് ലീഗ് കിരീടങ്ങൾക്ക് പുറമെ 2021 എഎഫ്സി വുമൺസ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനാവും താരം നേടി. 2011 മുതൽ ദേശീയ കുപ്പായമണിഞ്ഞ താരം 57 മത്സരങ്ങളിൽ ഇന്ത്യൻ വലകാത്തു. രണ്ട് ഏഷ്യൻ കപ്പ് ഗോൾഡ് മെഡലും മൂന്ന് സാഫ് കപ്പ് കിരീട നേട്ടത്തിലും അഥിതി ഇന്ത്യൻ ഗോൾവലക്ക് കീഴിലുണ്ടായിരുന്നു.
നിലവിൽ സ്ത്രീകളുടെ ഫുടബോളിലൂടെയുള്ള ഉന്നമനത്തിനായി ഷീ കിക്ക്സ് എഫ്എ എന്ന പേരിൽ പ്രസ്ഥാനം നടത്തുകയാണ് താരം.