കർഷകരുടെ മിത്രം..ചേരപാമ്പ് സംസ്ഥാന ഉരഗമാകാനുള്ള സാധ്യതകൾ ഏറുന്നു…

കർഷകരുടെ മിത്രമായ ചേരപാമ്പ് സംസ്ഥാന ഉരഗമാകാനുള്ള സാധ്യതകൾ ഏറുന്നു. അടുത്ത ആഴ്ച നടക്കുന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗത്തിലാവും മഞ്ഞച്ചേര, കരിഞ്ചേര, ചേര എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇന്ത്യൻ റാറ്റ് സ്നേക്കിനെ ഔദ്യോഗിക ഉരഗമായി പരിഗണിക്കപ്പെടുമോയെന്ന കാര്യത്തിൽ തീരുമാനമാകും. നേരത്തെ ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അജണ്ടയിൽ നിർദ്ദേശിക്കപ്പെട്ടിരുന്നു

വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ ഒന്നിലാണ് വിഷമില്ലാത്ത ഇനം പാമ്പായ ചേര ഉൾപ്പെടുന്നത്. മനുഷ്യവാസ മേഖലകളിൽ സ‍ർവ്വസാധാരണമായി കാണപ്പെടുന്ന ഇവ എലിശല്യം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഗുരുതര രോഗങ്ങൾ പരത്തുകയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്യുന്ന എലികളെ ആഹാരമാക്കുന്നതിനാലാണ് ചേര പാമ്പിനെ ക‍ർഷകരുടെ മിത്രമെന്ന് വിളിക്കുന്നത്. മാംസഭോജികളായ ചേര പാമ്പ് വിഷപാമ്പുകളുടെ മുട്ടകളും ആഹാരമാക്കാറുണ്ടെന്നാണ് വന്യജീവി ബോർഡ് വിശദമാക്കുന്നത്. ആൻഡമാൻ ദ്വീപിൽ അടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചേരകളെ സർവ്വസാധാരണമായി കാണാറുണ്ട്.

മനുഷ്യ മൃഗ സംഘർഷം ഏറുകയും പാമ്പു കടിയേറ്റുള്ള മരണങ്ങളും പെരുകുന്ന സാഹചര്യത്തിലാണ് ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാനുള്ള നി‍ർദ്ദേശമുയർന്നത്. സംസ്ഥാന മൃഗം, പക്ഷി, മീന്‍ എന്നിവയ്‌ക്കൊപ്പം സംസ്ഥാന ഉരഗം കൂടി വേണമെന്ന നിര്‍ദ്ദേശമാണ് വനംവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. നിര്‍ദ്ദേശം സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അഞ്ചാമത് യോഗത്തിന്റെ അജണ്ടയില്‍ സ്ഥാനം പിടിച്ചിരുന്നു. ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്നത് അജണ്ടയിലെ നാലാമത്തെ ഇനമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്

Related Articles

Back to top button