സമ്മത പത്രം വാങ്ങാതെ ചികിത്സിച്ച…പല്ലിലെ അഴുക്ക് നീക്കാനെത്തിയ സ്ത്രീയുടെ കവിൾ തുളച്ചു…ദന്ത ഡോക്ടർക്കെതിരെ കൂടുതൽ കുറ്റങ്ങൾ പുറത്ത്..
പല്ലിലെ അഴുക്ക് നീക്കുന്നതിനിടെ സ്ത്രീയുടെ കവിൾ എയർഫ്ലോ പോളിഷർ ഉപയോഗിച്ച് തുളച്ച് ഇന്ത്യൻ വംശജനായ ഡോക്ടർ. ചികിത്സയ്ക്ക് മുൻപ് രോഗിയിൽ നിന്ന് ആവശ്യമായ സമ്മത പത്രം വാങ്ങാതെ ചികിത്സിച്ചതടക്കം നിരവധി ഗുരുതര ആരോപണങ്ങളാണ് ഇന്ത്യൻ വംശജനായ ദന്ത ഡോക്ട ഭരത് രാജാ സുബ്രമണി എന്ന ബാരി നേരിടുന്നത്. ഒക്ടോബർ 2017നും ഒക്ടോബർ 2018നും ഇടയിലായി 11 രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് 39 കുറ്റങ്ങളാണ് ന്യൂസിലാൻഡിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്.
ഡോക്ടർക്കെതിരെ കുറ്റങ്ങൾ തെളിവുകൾ സഹിതം ബോധ്യപ്പെട്ടതായി ഹെൽത്ത് ആൻഡ് ഡിസബിലിറ്റി കമ്മീഷണർ കഴിഞ്ഞ ദിവസം വിശമാക്കി. 2023ൽ ട്രൈബ്യൂണൽ 12,839,305 രൂപ പിഴയും മൂന്ന് വർഷത്തേക്ക് ഭരത് രാജാ സുബ്രമണിയുടെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. അമിതമായി പണം വാങ്ങിയതും അനാവശ്യമായ ചികിത്സ നൽകിയെന്നതും അടക്കമുള്ള കുറ്റങ്ങളാണ് നിലവിൽ ഭരത് രാജാ സുബ്രമണിക്കെതിരെ തെളിഞ്ഞത്. പല്ല് വൃത്തിയാക്കാനെത്തിയ സ്ത്രീയുടെ കവിൾ ഭരത് രാജാ സുബ്രമണി എയർഫ്ലോ പോളിഷർ ഉപയോഗിച്ച് തുളച്ചതായാണ് തിങ്കളാഴ്ച പുറത്തുവന്ന പ്രസ്താവനയിൽ ഡെപ്യൂട്ടി ഹെൽത്ത് ആൻഡ് ഡിസബിലിറ്റി കമ്മീഷണർ വനീസ് കാൾഡ്വെൽ വിശദമാക്കിയത്.
മൂന്ന് രോഗികൾക്ക് കൂടി നൽകിയ ദന്തൽ സേവനങ്ങളിൽ സുബ്രമണി ഹെൽത്ത് ആൻഡ് ഡിസബിലിറ്റി സർവീസസ് കൺസ്യൂമേഴ്സ് കോഡ് ലംഘിച്ചതായി ഡപ്യൂട്ടി ഹെൽത്ത് ആൻഡ് ഡിസബിലിറ്റി കമ്മീഷണർ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് രോഗികൾക്കും ഭരത് രാജാ സുബ്രമണി ഔപചാരികമായി ക്ഷമാപണം എഴുതി നൽകണമെന്നും ഹെൽത്ത് ആൻഡ് ഡിസബിലിറ്റി കമ്മീഷണർ നിർദ്ദേശിച്ചിട്ടുണ്ട്.