പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിലും ഇന്ത്യക്ക് വലിയ ആശ്വാസം

പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം തുടരുന്നതിനിടെ ഇന്ത്യൻ എൽപിജി ടാങ്കർ ഗ്രീൻ സാൻവി ഹോർമുസ് കടലിടുക്ക് കടന്നു. ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന എണ്ണ ടാങ്കർ അതേസമയം ചൈനയിലേക്ക് വഴിതിരിച്ചു വിട്ടു. പണം നൽകുന്നതിലെ തർക്കം കാരണമാണ് കപ്പൽ ചൈനയിലേക്ക് തിരിച്ചുവിട്ടത് എന്ന റിപ്പോർട്ട് കേന്ദ്രം തള്ളി. ഗാർഹിക വാണിജ്യ സിലണ്ടറുകൾ ബുക്ക് ചെയ്യുന്നവർ പുതിയ പിഎൻജി കണക്ഷനും അപേക്ഷ നൽകണമെന്ന് ദില്ലി സർക്കാർ ഉത്തരവിറക്കി.
യുദ്ധം ആരംഭിച്ച ശേഷം ഇത് ഏഴാമത്തെ ഇന്ത്യൻ കപ്പലാണ് ഹോർമുസ് വിജയകരമായി കടന്നത്. 46,655 മെട്രിക് ടൺ എൽപിജിയുമായി ആണ് ഗ്രീൻ സാൻവി ഇന്ത്യയിലേക്ക് എത്തുന്നതെന്ന് ഷിപ്പിംഗ് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. നാളെയോടെ കപ്പൽ ഇന്ത്യൻ തീരത്ത് എത്തും. ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇനി 17 ഇന്ത്യൻ കപ്പലുകൾ കൂടിയാണുള്ളത്. ഇതിൽ എൽപിജി ടാങ്കറുകളായ ഗ്രീൻ ആശയും ജഗ് വിക്രമും ഉൾപ്പെടുന്നു. ഇവ രണ്ടും ഉടൻ ഇന്ത്യയിലേക്ക് യാത്ര തിരിക്കാൻ നാവികസേനയുടെ അന്തിമഅനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നാണ് വിവരം. ഈ രണ്ട് എൽപിജി ടാങ്കറുകളും പെർഷ്യൻ ഗൾഫിലെ അബു മൂസ ദ്വീപിന് സമീപം വടക്കുകിഴക്കൻ മേഖലയിലാണുള്ളത്. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ സുരക്ഷിതയാത്രയ്ക്കായി എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു.



