ഇംഗ്ലണ്ടിനെ വീഴ്ത്തി.. ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ..
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. നാലാം ടി20 മത്സരത്തില്‍ ത്രില്ലര്‍ വിജയം നേടിയാണ് സൂര്യകുമാര്‍ യാദവും സംഘവും പരമ്പര ഉറപ്പിച്ചത്. പൂനെയില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനാണ് ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. 182 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇംഗ്ലീഷ് പടയെ 19.4 ഓവറില്‍ 166 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. ഇതോടെ ഒരു മത്സരം ബാക്കിനില്‍ക്കെ 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ കളി തിരികെ പിടിച്ചത്. കളി ആവേശകരമായിരുന്നു. അവസാന പന്ത് വരെ ജയ സാധ്യത രണ്ട് പക്ഷത്തേക്കും വന്നു. ശിവം ദുബെയ്ക്ക് പകരം കണ്‍കഷന്‍ സബായി ഹര്‍ഷിത് റാണയെ പന്തെറിയാന്‍ ഇറക്കിയതും നിര്‍ണായക നീക്കമായി.
ഹര്‍ഷിത് റാണയും രവി ബിഷ്‌ണോയിയും 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി 2 വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
തുടക്കത്തില്‍ ഇന്ത്യ ബാറ്റിങില്‍ പതറിയപ്പോള്‍ സമാനമായി ബൗളിങ് തുടക്കവും പാളി. രണ്ട് ഘട്ടത്തിലും ഇന്ത്യ മത്സരത്തിലേക്ക് പൊരുതി തിരിച്ചെത്തുന്ന കാഴ്ചയായിരുന്നു പുനെയില്‍ കണ്ടത്.