കഴിഞ്ഞദിവസം പൊതുപരിപാടിക്കിടെ ധൻകർ കുഴഞ്ഞുവീണിരുന്നു..ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെന്ന്…

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിക്കുപിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് അന്തരീക്ഷത്തില്‍ നിറയുന്നത്. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്ന് ധന്‍കര്‍ തന്നെ വ്യക്തമാക്കിയെങ്കിലും രാഷ്ട്രീയ കാരണങ്ങളാണ് പിന്നിലെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതിനിടെയിലാണ് ധന്‍കര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി വ്യക്തമാക്കിക്കൊണ്ടുള്ള ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിക്കെത്തിയ ഉപരാഷ്ട്രപതി കുഴഞ്ഞുവീഴുകയുണ്ടായെന്നാണ്‌ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറച്ചുനാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നില്ലെന്നും ജൂലായ് 17-ന് ഭാര്യയ്ക്കും ലഫ്. ഗവര്‍ണര്‍ വി.കെ സക്‌സേനയ്ക്കുമൊപ്പം ഒരു ഉദ്യാനസന്ദര്‍ശനം നടത്തുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീണിരുന്നെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് ധന്‍കറുടെ ആരോഗ്യനില പൊടുന്നനെ മോശമാകുകയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തകാലത്ത് അദ്ദേഹം ഡല്‍ഹി എയിംസില്‍ ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

ഡോക്ടര്‍മാരുടെ ഉപദേശം കണക്കിലെടുത്തും ആരോഗ്യപരിരക്ഷയ്ക്കുവേണ്ടിയുമാണ് സ്ഥാനമൊഴിയുന്നതെന്നാണ് ധന്‍കര്‍ രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നത്. ഉടന്‍ പ്രാബല്യത്തില്‍വരത്തക്കവിധം സ്ഥാനമൊഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തില്‍ ജഗ്ദീപ് ധന്‍കര്‍ പറഞ്ഞിരുന്നു.

അതേസമയം, 2027-ല്‍ താന്‍ വിരമിക്കുമെന്നാണ് 12 ദിവസങ്ങള്‍ക്ക് മുമ്പ് ജെഎന്‍യുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പറഞ്ഞത്. രണ്ടുവര്‍ഷംകൂടി കാലാവധി ബാക്കിയിരിക്കേ ആയിരുന്നു പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിവസം ധന്‍കറിന്റെ രാജിപ്രഖ്യാപനം. അതുകൊണ്ടുതന്നെ ഈ നീക്കത്തെ സംശയത്തോടെയാണ് പ്രതിപക്ഷ കക്ഷികള്‍ വീക്ഷിക്കുന്നത്. രാജി പ്രഖ്യാപിക്കുന്നതിന് രണ്ട് മണിക്കൂറുകള്‍ക്ക് മുമ്പ് ഉപരാഷ്ട്രപതിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായും അടിയന്തര പ്രാധാന്യമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായി തോന്നിയില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് വ്യക്തമാക്കിയത്.

Related Articles

Back to top button