അമേരിക്കയിലേക്കുള്ള മുഴുവന്‍ തപാല്‍ സേവനങ്ങൾക്കും താല്‍ക്കാലികമായി പൂട്ടിട്ട് ഇന്ത്യ

യുഎസിലേക്കുള്ള തപാൽസേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാനൊരുങ്ങി ഇന്ത്യ. ഓഗസ്റ്റ് 25-ാം തീയതി മുതല്‍ ഇത് പ്രാബല്യത്തില്‍വരുമെന്നാണ് തപാൽ വകുപ്പ് അറിയിച്ചിരിക്കുന്നത്. അമേരിക്കൻ കസ്റ്റംസ് ചട്ടങ്ങളില്‍ ഓഗസ്റ്റ് അവസാനത്തോടെ നിലവില്‍ വരുന്ന മാറ്റങ്ങൾ ചൂണ്ടികാട്ടിക്കൊണ്ടാണ് തപാല്‍ വകുപ്പ് സേവനങ്ങൾ താൽക്കാലികമായി നിർത്തി വെക്കുന്നത്.

800 ഡോളര്‍വരെ വിലമതിക്കുന്ന സാധനങ്ങള്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ ഡി മിനിമിസ് ഇളവ് പിന്‍വലിക്കുന്ന എക്‌സിക്യുട്ടീവ് ഉത്തരവ് ജൂലൈമാസം മുപ്പതാം തീയതിയാണ് യുഎസ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 29-ാം തീയതി മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍വരിക.

ഈ മാസം 29 മുതല്‍ അമേരിക്കയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര തപാല്‍ ഉരുപ്പടികളും അവയുടെ മൂല്യം പരിഗണിക്കാതെ, കസ്റ്റംസ് തീരുവയ്ക്ക് വിധേയമായിരിക്കുമെന്ന് തപാല്‍വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് സേവനങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെക്കുന്നത്. കത്തുകൾ, രേഖകൾ, 100 യുഎസ് ഡോളര്‍വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ എന്നിവയ്ക്ക് മാത്രമാകും തല്‍ക്കാലത്തേക്ക് ഇളവുണ്ടാകുകയെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വ്യാപാരത്തീരുവയെച്ചൊല്ലി യുഎസ്-ഇന്ത്യാബന്ധം വഷളായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് തപാല്‍സേവനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാനുള്ള ഇന്ത്യ തീരുമാനമെടുത്തത്. യുഎസ്, ഇന്ത്യക്ക് മേല്‍ 25 ശതമാനം തീരുവയും റഷ്യന്‍ എണ്ണ വാങ്ങുന്നതിന് അധികമായി 25 ശതമാനം പിഴയും ചുമത്തിയതോടെ ആകെ തീരുവ 50 ശതമാനമായി ഉയര്‍ന്നിരുന്നു.

Related Articles

Back to top button