ചരിത്ര നേട്ടത്തിലേക്ക് ഇന്ത്യ..സ്‌പേഡെക്സ് വിക്ഷേപണം വിജയകരം…
ബഹിരാകാശത്തുവെച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള ഇന്ത്യയുടെ പരീക്ഷണ ദൗത്യമായ സ്പേഡെക്സ് വിക്ഷേപണം വിജയകരണം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് തിങ്കളാഴ്ച രാത്രി 10നാണ് സ്‌പേഡെക്സ് ദൗത്യവുമായി ഐ.എസ്.ആർ.ഒയുടെ പി.എസ്.എല്‍.വി 60 റോക്കറ്റ് പറന്നുയർന്നത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്‌സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്‌സ്. 02) ഉപഗ്രഹങ്ങളാണ് പ്രധാന പേ ലോഡുകള്‍. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍കൂടി ദൗത്യത്തിലുണ്ട്.
ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിക്കുക. വ്യത്യസ്തമായ രണ്ട് ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണ പഥത്തിൽ വെച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിലൂടെ ഐ.എസ്.ആർ.ഒ ചരിത്രപരമായ ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രം സ്വായത്തമാക്കിയ ഡോക്കിങ് സാങ്കേതികവിദ്യ ക്ലബ്ബിലേക്ക് ഇന്ത്യയും പ്രവേശിക്കും.