ടി20 പരമ്പര തൂത്തുവാരി ഇന്ത്യ…സെഞ്ചുറിയോടെ ഹീറോയായി സഞ്ജു…
ബംഗ്ലാദേശിനതിരെ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. ഹൈദരാബാദില്‍ നടന്ന മൂന്നാം ടി20യില്‍ 133 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് നേടിയത്. സഞ്ജു സാംസണിന്റെ (47 പന്തില്‍ 111) ക്ലാസും മാസും ചേര്‍ന്ന സെഞ്ചുറി, സൂര്യകുമാര്‍ യാദവിന്റെ (35 പന്തില്‍ 75) തകര്‍പ്പന്‍ ഇന്നുംഗ്സുമാണ് ഇന്ത്യക്ക് റെക്കോര്‍ഡ് സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് 7വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനാണ് സാധിച്ചത്. രവി ബിഷ്ണോയ് ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
42 പന്തില്‍ 63 റണ്‍സെടുത്ത തൗഹിദ് ഹൃദോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. 25 പന്തില്‍ 42 റണ്‍സെടുത്ത ലിറ്റണ്‍ ദാസും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആദ്യ പന്തില്‍ തന്നെ പര്‍വേസ് ഹുസൈന് ഇമോന്റെ (0) വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായി. തന്‍സിദ് ഹസന് (15), നജ്മുല്‍ ഹുസൈന് ഷാന്റോ (14) എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ മൂന്നിന് 59 എന്ന നിലയിലായി ബംഗ്ലാദേശ്. പിന്നീട് ലിറ്റണ്‍ ദാസ് – തൗഹിദ് ഹൃദോയ് സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ലിറ്റണെ പുറത്താക്കി രവി ബിഷ്ണോയ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. തുടര്‍ന്ന് അവസാന ടി20 കളിക്കുന്ന മുഹമ്മദുള്ളയെ (8) മായങ്ക് മടക്കി.



