പാകിസ്ഥാൻ്റെ എതിർപ്പ് വകവെക്കില്ല… തീരുമാനത്തിൽ ഉറച്ച് ഇന്ത്യ…
സലാൽ, ബഗ്ളിഹാർ ഡാമുകളിലെ എക്കൽ നീക്കലുമായി ഇന്ത്യ മുന്നോട്ട്. ജമ്മു കശ്മീരിലെ ചൈനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയിൽ പാകിസ്ഥാൻറെ എതിർപ്പ് ഇനി കണക്കിലെടുക്കില്ലെന്ന് ഇന്ത്യ.
വൈദ്യുതി ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നതിനാലാണ് ഡാമിലെ എക്കൽ നീക്കുന്നതെന്നാണ് വിശദീകരണം. മെയ് മാസത്തിന്റെ തുടക്കത്തിൽ നടത്തിയ എക്കൽ, മണൽ നീക്കം ഇനി മാസം തോറും നടത്താമെന്നാണ് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
1987-ൽ സലാൽ അണക്കെട്ടും 2008-2009-ൽ ബാഗ്ലിഹാർ അണക്കെട്ടും നിർമ്മിച്ചതിനു ശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം എക്കൽ നീക്കിയത്. നേരത്തെ പാകിസ്ഥാൻ ആവർത്തിച്ച് എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്ന് ഈ പ്രവൃത്തികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.
സലാൽ, ബാഗ്ലിഹാർ റിസർവോയറുകളിൽ നിന്ന് 7.5 ദശലക്ഷം ക്യുബിക് മീറ്ററിൽ കൂടുതൽ എക്കൽ അവശിഷ്ടം നീക്കം ചെയ്തതായി കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.
കാലക്രമേണ ജലസംഭരണികളിൽ അടിഞ്ഞുകൂടുന്ന മണൽ, ചെളി, കളിമണ്ണ് എന്നിവ നീക്കം ചെയ്യുന്നതിനായി സംഭരിച്ച വെള്ളം തുറന്നുവിടുന്നതാണ് ഫ്ലഷിംഗ്. എക്കൽ അവശിഷ്ടങ്ങൾ ജലസംഭരണി ശേഷി കുറയ്ക്കുകയും ജലവൈദ്യുത ഉൽപ്പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പതിവായി എക്കൽ നീക്കുന്നതിലൂടെ,അണക്കെട്ടിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താം.
അണക്കെട്ടിൽ സംഭരിച്ചിരിക്കുന്ന വെള്ളം പെട്ടന്ന് ഒഴുക്കി വിടുമ്പോൾ പാകിസ്ഥാനിലെ പല ജനവാസ മേഖലകളിലും വെള്ളം കയറാൻ ഇടയാക്കുമെന്നും, എല്ലാ മാസവും ഇത് തുടർന്നാൽ അവശ്യഘട്ടത്തിൽ കൃഷിക്ക് വെള്ളം ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാൻ നടപടികളെ എതിർക്കുന്നത്. ഇതോടൊപ്പം അണക്കെട്ടുകളുടെ സംഭരണ ശേഷി കൂട്ടിയാൽ ഇന്ത്യ കൂടുതൽ വെള്ളം സംഭരിക്കുമെന്നും ഞങ്ങൾക്ക് വെള്ളം ലഭിക്കില്ലെന്നും പാകിസ്ഥാൻ ഭയക്കുന്നു. ഇതാണ് ഇന്ത്യയുടെ നീക്കങ്ങളെ അന്താരാഷ്ട്ര തലത്തിലടക്കം പാകിസ്ഥാൻ എതിർക്കാൻ കാരണം.