ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 286 റണ്‍സ് വിജയലക്ഷ്യം..
ഇന്ത്യ എ ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ദക്ഷിണാഫ്രിക്ക. തുടക്കത്തില്‍ അഞ്ചിന് 53 എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയത്. 90 റണ്‍സ് നേടിയ ഡെലാനോ പോട്ഗീറ്ററാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഡിയാന്‍ ഫോറെസ്റ്റര്‍ (77), ബോണ്‍ ഫൊര്‍ട്വിന്‍ (59) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രാജ്‌കോട്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍ മാത്രം ഉള്ളപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. റുബിന്‍ ഹര്‍മാന്‍ ആദ്യ പന്തില്‍ തന്നെ മടങ്ങി. അര്‍ഷ്ദീപിന്റെ പന്തില്‍ ക്യാപ്റ്റന്‍ തിലക് വര്‍മയ്ക്ക് ക്യാച്ച്. അതേ ഓവറില്‍ ജോര്‍ദാന്‍ ഹര്‍മാനും (0) മടങ്ങി. റണ്ണൗട്ടാവുകയായിരുന്നു താരം. രണ്ടാം ഓവറില്‍ മാര്‍ക്വെസ് ആക്കര്‍മാനെ (0) പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. തുടര്‍ന്ന് റിവാള്‍ഡോ മൂണ്‍സാമി (10), സിനെതംബ ക്വഷിലെ (15) എന്നിവര്‍ കൂടി മടങ്ങിയതോടെ അഞ്ചിന് 55 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.



