സ്വകാര്യ കൊറിയർ കമ്പനികളോട് മത്സരിച്ച് പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ പോസ്റ്റ്
സ്വകാര്യ കൊറിയർ കമ്പനികളുമായി മത്സരം ശക്തമാക്കാനൊരുങ്ങി ഇന്ത്യൻ പോസ്റ്റ്. തങ്ങളുടെ തപാൽ, പാഴ്സൽ സേവനങ്ങൾ വേഗത്തിലാക്കാൻ ഒരുങ്ങുകയാണ്. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ 24 മണിക്കൂറും 48 മണിക്കൂറും ഗ്യാരണ്ടീഡ് ഡെലിവറി സമയപരിധി (Guaranteed Delivery Timelines) അടിസ്ഥാനമാക്കിയുള്ള മെയിൽ, പാഴ്‌സൽ സേവനങ്ങൾ അവതരിപ്പിക്കാനാണ് പുതിയ തീരുമാനം. ഇ-കൊമേഴ്‌സ് മേഖലയിലെ വർദ്ധിച്ചുവരുന്ന ആവശ്യകതകൾ നിറവേറ്റാനും, സ്വകാര്യ കൊറിയർ കമ്പനികളുമായി മത്സരം ശക്തമാക്കാനും ഇത് ഇന്ത്യ പോസ്റ്റിനെ സഹായിക്കും. നിലവിൽ ഏകദേശം 3-5 ദിവസങ്ങൾക്കുള്ളിലാണ് പാഴ്‌സൽ ഡെലിവറി സേവനങ്ങൾ ഉറപ്പാക്കുന്നത്.
പുതിയ സേവനത്തിൻ്റെ വിശദാംശങ്ങൾ:
24 മണിക്കൂർ ഡെലിവറി: പ്രധാന നഗരങ്ങൾ തമ്മിലുള്ള മെട്രോ റൂട്ടുകളിൽ മെയിലുകളും പാഴ്‌സലുകളും ഒരു ദിവസത്തിനുള്ളിൽ എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
48 മണിക്കൂർ ഡെലിവറി: മറ്റ് പ്രധാന റൂട്ടുകളിൽ, പരമാവധി 48 മണിക്കൂറിനുള്ളിൽ ഡെലിവറി പൂർത്തിയാക്കും. ഈ പുതിയ സേവനങ്ങൾക്കായി പോസ്റ്റൽ വകുപ്പ് ഒരു ഫീസ് ഘടന നിർണ്ണയിക്കും. അതായത്, വേഗതയനുസരിച്ച് നിരക്കുകളിൽ വ്യത്യാസം വന്നേക്കാം.
2029 ഓടെ ഇന്ത്യൻ പോസ്റ്റിനെ ലാഭ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ജനുവരിയിൽ ഈ സേവനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.