ഇനി പ്രതിരോധം ബഹിരാകാശത്തും; ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിങ് ഉപഗ്രഹങ്ങളെ വിക്ഷേപിക്കാൻ ഇന്ത്യ

ഭ്രമണപഥത്തിലുള്ള ഉപ​ഗ്രഹങ്ങൾക്ക് സംരക്ഷണമൊരുക്കാൻ ഇന്ത്യ. രാജ്യത്തിന്റെ ഉപ​ഗ്രഹങ്ങൾ മറ്റു രാജ്യങ്ങളുടെ ഉപ​ഗ്രഹങ്ങളുമായി കൂട്ടിയിടിക്കുന്നത് തടയാനും ആക്രമണങ്ങളെ പ്രതിരോധിക്കാനും ലക്ഷ്യമിട്ട് അംഗരക്ഷരായ ഉപഗ്രഹങ്ങളെ വിന്യസിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിങ് ഉപഗ്രഹങ്ങളെയാണ് ഇതിനായി വിക്ഷേപിക്കുക. അടുത്ത വർഷത്തോടെ ഇത്തരം ഉപ​ഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസി ലക്ഷ്യമിടുന്നത്.

ഭ്രമണപഥത്തിലുള്ള ഉപഗ്രഹത്തിന് നേരേയുണ്ടാകുന്ന ആക്രമണത്തെ തിരിച്ചറിയുകയും പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുകയാണ് ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിങ് ഉപഗ്രഹങ്ങളുടെ ധർമ്മം. സ്വന്തം ഉപഗ്രഹങ്ങളുടെ അടുത്തേക്ക്‌ അപകടകരമായ രീതിയിൽ വരുന്ന മറ്റുരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെയടക്കമുള്ളവയെ തകർക്കുന്ന രീതിയായിരിക്കുമിത്. അപദ്ധതിക്കായുള്ള ചർച്ചകൾ പ്രാഥമികഘട്ടങ്ങളിലാണെങ്കിലും വിഷയത്തിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും(ഐഎസ്ആർഒ) ബഹിരാകാശവകുപ്പും പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞവർഷം അയൽരാജ്യത്തിന്റെ ഉപഗ്രഹം ഇന്ത്യയുടെ ഉപഗ്രഹവുമായി അപകടകരമാംവിധം അടുത്തുവന്നിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ഉപ​ഗ്രഹങ്ങളുടെ സംരക്ഷണം സംബന്ധിച്ച ചർച്ചകൾ സജീവമായത്. 2024-ൽ ഭൂമിക്ക് 500-600 കിലോമീറ്റർ ഉയരത്തിൽ ഭ്രമണംചെയ്യുന്ന ഇന്ത്യൻ ഉപഗ്രഹത്തിനടുത്തേക്കാണ് അയൽരാജ്യത്തിന്റെ ഉപഗ്രഹം അപകടകരമായ വിധത്തിൽ അടുത്തത്. ഉപഗ്രഹങ്ങൾ കൂട്ടിയിടിച്ചില്ലെങ്കിലും ഇത്രയും അസാധാരണമായ അടുത്തുവരവ് തടയുകയാണ് ലക്ഷ്യമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

Related Articles

Back to top button