‘അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇന്ത്യ സൈനിക ആക്രമണം നടത്തും’..തെളിവ് ഉണ്ടെന്ന അവകാശവാദവുമായി പാകിസ്ഥാന്‍…

അടുത്ത 24-36 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഇന്ത്യ സൈനിക ആക്രമണം നടത്തുമെന്നതിന് വിശ്വസനീയമായ തെളിവുകള്‍ കൈവശം ഉണ്ടെന്ന അവകാശവാദവുമായി പാകിസ്ഥാന്‍. പാകിസ്ഥാന്‍ തന്നെ തീവ്രവാദത്തിന്റെ ഇരയാണെന്നും അത്തരം എല്ലാത്തരം ആക്രമണങ്ങളെയും അപലപിച്ചിട്ടുണ്ടെന്നും പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി അട്ടത്തുള്ള തരാര്‍ എക്‌സില്‍ കുറിച്ചു.

‘പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്നത് അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണമാണ്. ഇതിന്റെ പേരില്‍ അടുത്ത 24-36 മണിക്കൂറിനുള്ളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടി സ്വീകരിക്കാന്‍ പദ്ധതിയിടുന്നതായി പാകിസ്ഥാന് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്’- അട്ടത്തുള്ള തരാര്‍ പറഞ്ഞു.

പാകിസ്ഥാന്‍ തന്നെ തീവ്രവാദത്തിന്റെ ഇരയാണ്. അത്തരം എല്ലാത്തരം ആക്രമണങ്ങളെയും പാകിസ്ഥാന്‍ അപലപിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനെതിരായ ആരോപണങ്ങളില്‍ ഇന്ത്യ ജഡ്ജി, ജൂറി, ആരാച്ചാര്‍ എന്നി നിലകള്‍ സ്വയം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയാണ്’- അട്ടത്തുള്ള തരാര്‍ ആരോപിച്ചു.

‘ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രമെന്ന നിലയില്‍, സത്യം കണ്ടെത്തുന്നതിനായി നിഷ്പക്ഷ വിദഗ്ധരുടെ ഒരു കമ്മീഷന്റെ വിശ്വസനീയവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം പാകിസ്ഥാന്‍ തുറന്ന മനസ്സോടെ വാഗ്ദാനം ചെയ്തു. നിര്‍ഭാഗ്യവശാല്‍, യുക്തിയുടെ പാത പിന്തുടരുന്നതിനുപകരം, ഇന്ത്യ യുക്തിരാഹിത്യത്തിന്റെയും ഏറ്റുമുട്ടലിന്റെയും അപകടകരമായ പാതയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചതായി തോന്നുന്നു, ഇത് മുഴുവന്‍ മേഖലയ്ക്കും അതിനപ്പുറവും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.’- അട്ടത്തുള്ള തരാര്‍ മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button