സമ്പന്നരായ പെൺകുട്ടികളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടും…പാർട്ടിക്കിടെ…കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

ബെംഗളൂരു കൂട്ടബലാത്സംഗ കേസ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പത്തൊമ്പതുകാരിയുടെ പരാതി ശരിവച്ച് പൊലീസ്, പ്രതികൾ നിരവധി പെൺകുട്ടികളെ ബലാത്സംഗം ചെയ്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പ്രതികളായ നിഖിലും ഡിക്സൺ സാന്ദ്രയും നടത്തിയത് കൊടുംക്രൂരതയെന്നാണ് പുറത്ത് വരുന്ന വിവരം. പെൺകുട്ടികളെ വലയിലാക്കാനായി ഇരുവരുടെയും റാക്കറ്റിൽ വേറെയും യുവാക്കൾ ഉള്ളതായാണ് പൊലീസ് വിശദമാക്കുന്നത്. ഈ യുവാക്കൾ ബെംഗളൂരുവിലെ പ്രമുഖ കോളേജുകളിൽ പഠിക്കുന്ന സമ്പന്നരായ പെൺകുട്ടികളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടും. പരിചയം സൗഹൃദമാവുന്നതോടെ ജക്കൂറിലെ വില്ലയിൽ നിഖിൽ നടത്തുന്ന പാർട്ടിക്കായി എത്തിക്കും. പാർട്ടിക്കിടെ മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിക്കും. നടന്നത് ലഹരിക്കിടെ സംഭവിച്ചതാണെന്ന് പെൺകുട്ടികളോട് പറയും. മാനഹാനി ഭയന്ന് പെൺകുട്ടികൾ പുറത്തു പറയില്ല. ദീർഘകാലമായി ഇത്തരത്തിൽ നടന്നിരുന്ന പീഡന പരമ്പര പുറത്ത് വന്നത് 19കാരി പരാതിപ്പെട്ടതോടെയാണ്.

സകലേശ്പുർ സ്വദേശിയായ നിഖിൽ എന്നയാളാണ് ഈ സംഘത്തിന്റെ സൂത്രധാരൻ. ഇയാളുടെ കൂട്ടാളിയായ പശ്ചിമ ബംഗാൾ സ്വദേശി ഡിക്സൺ സാൻഡ്രയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതോടെയാണ് നാടിനെ നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇത് ഒരു പെൺകുട്ടിക്ക് നേരെയുണ്ടായ അതിക്രമമല്ല, മറിച്ച് നിരവധി പെൺകുട്ടികളുടെ ജീവിതം തകർത്ത വലിയൊരു ശൃംഖലയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ബസവേശ്വര നഗറിൽ സെക്കൻഡ് ഹാൻഡ് കാർ ഷോറൂമും കാർ വാഷിംഗ് സെന്ററും നടത്തിവരികയായിരുന്നു നിഖിൽ. ഈ ബിസിനസിന്റെ മറവിലായിരുന്നു ഇയാളുടെ ഇടപാടുകൾ. പാർട്ടിക്ക് എത്തുന്ന പെൺകുട്ടികൾക്ക് ആദ്യം മദ്യവും മയക്കുമരുന്നും നൽകും. ചില പെൺകുട്ടികൾ വഴങ്ങുന്നില്ലെന്ന് കണ്ടാല്‍, അവരുടെ പാനീയങ്ങളിൽ അറിയാതെ ലഹരി ഗുളികകൾ കലർത്തിയായിരുന്നു പീഡനം. ഈ പാർട്ടികൾ നടന്നിരുന്ന ജക്കൂറിനടുത്തുള്ള വില്ല ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റേതാണെന്നാണ് സൂചന. പൊലീസ് ഇക്കാര്യം വിശദമായി പരിശോധിച്ചുവരികയാണ്. മൂന്ന് പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി

കേസ് പുറത്തുവന്നതോടെ, തങ്ങൾക്കും സമാനമായ ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി ഏകദേശം 19 പെൺകുട്ടികൾ പൊലീസിനെ സമീപിച്ചതായാണ് വിവരം. അമൃതഹള്ളി പൊലീസ് ഈ 19 പേരുടെയും മൊഴി രേഖപ്പെടുത്തി വരികയാണ്. ലൈംഗിക താൽപര്യത്തിന് പുറമെ, ദൃശ്യങ്ങൾ പകർത്തി പെൺകുട്ടികളെ ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. 19കാരി പരാതിയുമായി എത്തുമെന്ന് വ്യക്തമായതിന് പിന്നാലെ യുവതിയെ കള്ളക്കേസിൽ കുടുക്കാനും നിഖിൽ ശ്രമിച്ചു. ഈ ആരോപണം വ്യാജ പരാതിയെന്ന് അമൃതഹള്ളി പൊലീസ് കണ്ടെത്തിയിരുന്നു.പെൺകുട്ടിക്കെതിരെ വ്യാജ പരാതി നൽകിയത് പാർട്ടി നടത്തിയിരുന്ന വില്ലയുടെ ഉടമസ്ഥനായിരുന്ന ഉദ്യോഗസ്ഥന്റെ ഒത്താശയോടെയെന്നാണ് കണ്ടെത്തിയിട്ടുള്ളത്

Related Articles

Back to top button