3,000 രൂപയ്ക്ക് 200 തവണ കുതിക്കാം…ഫാസ്ടാഗിൽ വാർഷിക പാസ് ഓഗസ്റ്റ് 15 മുതൽ..

ഹൈവേകളിൽ തടസ്സം കൂടാതെയുള്ള യാത്ര ഉറപ്പാക്കാൻ ഫാസ്ടാഗ് അടിസ്ഥാനമാക്കി വാർഷിക പാസ് പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഓഗസ്റ്റ് 15 മുതൽ ഇതു നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. ഒരു വർഷത്തേക്ക് പാസിന് 3,000 രൂപയാണ് ഈടാക്കുക. വാണിജ്യേതര ആവശ്യങ്ങൾക്കുപയോഗിക്കുന്ന കാറുകൾ, ജീപ്പുകൾ, വാനുകൾപോലുള്ള സ്വകാര്യ വാഹനങ്ങൾക്കായാണ് വാർഷിക പാസ് നടപ്പാക്കുന്നത്. ഉപയോഗിക്കാൻ തുടങ്ങുന്ന അന്നുമുതൽ ഒരു വർഷത്തേക്ക് അല്ലെങ്കിൽ പരമാവധി 200 യാത്രകൾക്കാണ് ഈ പാസ് ബാധകമാകുകയെന്നും ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്.

ടോൾ പ്ലാസകളുടെ 60 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരുടെ ടോളുമായി ബന്ധപ്പെട്ട് പരാതികളും യാത്രാതടസ്സവും കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് വാർഷിക പാസ് കൊണ്ടുവരുന്നത്. രാജ് മാർഗ് യാത്ര മൊബൈൽ ആപ്ലിക്കേഷൻ വഴിയും നാഷണൽ ഹൈവേ അതോറിറ്റിയുടെയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെയും (മോർത്ത്) വെബ്സൈറ്റുകൾ വഴിയും വാർഷിക പാസ് വാങ്ങാനാകും. അവതരിപ്പിക്കുന്നതിനു തൊട്ടുമുൻപായി വാർഷിക പാസ് വാങ്ങുന്നതിനും റീച്ചാർജ് ചെയ്യുന്നതിനും മാത്രമായുള്ള ലിങ്ക് പുറത്തിറക്കുമെന്നും ഗഡ്കരി അറിയിച്ചു.

ചെലവു കുറയും

3000 രൂപ നൽകിയാൽ ഒരു വർഷം അല്ലെങ്കിൽ 200 തവണ യാത്ര ചെയ്യാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ശരാശരി 15 രൂപയിൽ താഴെയായിരിക്കും ഇതനുസരിച്ച് ടോൾ നിരക്ക് വരുക. ടോൾ പ്ലാസയ്ക്കടുത്ത് താമസിക്കുന്നവർ അടിക്കടി ടോൾ നൽകേണ്ടിവരുന്നത് വലിയ ബാധ്യതയാകുന്നതായുള്ള പരാതി പരിഹരിക്കാൻ കൂടിയാണ് നടപടി.

സംശയങ്ങളേറെ…

വാർഷിക പാസ് നടപ്പാക്കുന്നത് ഏതു തരത്തിലാകുമെന്നതിൽ ഒട്ടേറെ സംശയങ്ങൾ ബാക്കിയാണ്. ഏതെങ്കിലും ഒരു ടോൾ ബൂത്തിനു മാത്രമാണോ ഇതു ബാധകമാകുക, ദേശീയപാതയിലുൾപ്പെട്ട എല്ലാ ടോൾ പ്ലാസകളിലും ഇതുപയോഗിക്കാനാകുമോ?, ഒരു മുഴുവൻ യാത്ര എന്നതുകൊണ്ട് ഇരുവശത്തേക്കുള്ള യാത്രയാണോ ഉദ്ദേശിക്കുന്നത്?, ഒരേ പാതയിൽ വിവിധ ടോൾ പ്ലാസകളുണ്ടെങ്കിൽ അതുവഴിയുള്ള യാത്ര ഒറ്റയാത്രയായി പരിഗണിക്കുമോ? ഉയർന്ന ടോളുള്ള മുംബൈയിലെ അടൽ സേതു, സമൃദ്ധി മഹാമാർഗ്, മുംബൈ-പുണെ അതിവേഗപാത പോലുള്ളവയിൽ വാർഷിക പാസ് ബാധകമാകുമോ? എന്നിങ്ങനെ ഒട്ടേറെ സംശയങ്ങൾക്ക് ഇനിയും വ്യക്തത വരേണ്ടതുണ്ട്

Related Articles

Back to top button