പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി. സെപ്തംബർ 24 പുലർച്ചെ അഞ്ചര വരെ..

പാകിസ്ഥാൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ വീണ്ടും നീട്ടി. ഇന്ത്യൻ വിമാനങ്ങൾക്കും വിമാനക്കമ്പനികൾക്കും പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിടുന്നത്  നീട്ടിയതിന് പിന്നാലെയാണ് തീരുമാനം. ഇത് സംബന്ധിച്ച് വ്യോമസേനയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശം നൽകി. ഇതോടെ വ്യോമാതിർത്തികൾ അടച്ചിടുന്നത് അഞ്ചാം മാസത്തിലേക്ക് നീളും.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് ഏപ്രിൽ മാസത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഏപ്രിൽ 24 ന് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചുപൂട്ടി. രു മാസത്തേക്ക് ഇന്ത്യൻ വിമാനങ്ങളും വിമാനക്കമ്പനികളും പാകിസ്ഥാൻ വ്യോമാതിർത്തിയിലൂടെ പറക്കുന്നത് വിലക്കി. ഏപ്രിൽ 30 ന് പാകിസ്ഥാൻ വിമാനങ്ങൾക്കും വിമാനക്കമ്പനികൾക്കും വ്യോമാതിർത്തി അടച്ചുകൊണ്ട് ഇന്ത്യ പ്രതികരിച്ചു. പിന്നീടുള്ള ഓരോ മാസവും വ്യോമാതിർത്തി അടയ്ക്കുന്നത് തുടർച്ചയായി നീട്ടി. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും വ്യോമാതിർത്തിയിൽ വിലക്കില്ല.

സെപ്റ്റംബർ 24 ന് ഇന്ത്യൻ സമയം 5:29 വരെയാണ് പുതിയ ഉത്തരവ് പ്രകാരം പാകിസ്ഥാൻ വിമാനക്കമ്പനികൾക്കും സൈനിക വിമാനങ്ങൾ ഉൾപ്പെടെയുള്ള വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശനം വിലക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20 നാണ് ഒരു മാസത്തേക്ക് കൂടി ഇന്ത്യൻ വിമാനങ്ങൾക്കും വിമാനക്കമ്പനികൾക്കും സൈനിക വിമാനങ്ങൾക്കും വ്യോമാതിർത്തിയിൽ പ്രവേശനം വിലക്കിക്കൊണ്ട് പാകിസ്ഥാൻ ഉത്തരവിറക്കിയത്.

Related Articles

Back to top button