സൈനിക പിന്മാറ്റം പൂർത്തിയായി..ഇന്ത്യ- ചൈന അതിർത്തിയിൽ പെട്രോളിംഗ് നടപടികൾ ആരംഭിച്ചു..ദീപാവലി മധുരം കൈമാറും…
കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക് മേഖലകളിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടികള്‍ പൂർത്തിയാക്കി അതിർത്തിയിൽ പട്രോളിങ് ആരംഭിച്ചു. സൈനിക പിന്മാറ്റത്തിനൊപ്പം മേഖലയിലെ താൽക്കാലിക നിർമാണങ്ങളും പൊളിച്ചുമാറ്റി. ദീപാവലി ദിനത്തിൽ മധുര പലഹാരങ്ങൾ അതിർത്തിയിൽ കൈമാറും എന്നും കരസേന അറിയിച്ചിരുന്നു.ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി പട്രോളിങ് നടത്തുന്ന സൈനികരുടെ എണ്ണം ഇരുരാജ്യങ്ങളും പരസ്പരം കൈമാറും.സൈനിക പിന്മാറ്റം ഉണ്ടായെങ്കിലും മേഖലയിൽ ഇരു രാജ്യങ്ങളുടെയും നിരീക്ഷണം തുടരും.
നിയന്ത്രണ രേഖയിൽനിന്ന് പിൻവാങ്ങുന്നതിൽ ധാരണയായതായി കഴിഞ്ഞ ആഴ്‌ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പട്രോളിങ് 2020 ഏപ്രിലിന് മുൻപുള്ള നിലയിലാണ് പുനഃരാരംഭിച്ചത്. 2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ് നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും സൈനിക സാന്നിധ്യം വർധിപ്പിച്ചത്.
അതേസമയം സേനകളുടെ പിന്മാറ്റം സംബന്ധിച്ച വ്യക്തതയ്ക്കായി ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചും നേരിട്ടും സൈന്യം പരിശോധന നടത്തും.