ഇന്ത്യക്കാരനെ വധിച്ച 3 ബംഗ്ലാദേശികളെ നാട്ടുകാർ കൊലപ്പെടുത്തി.. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം പുകയുന്നു…
ബംഗ്ലാദേശ് അതിർത്തി ഗ്രാമത്തിൽ നടന്ന നാല് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നയതന്ത്ര തർക്കം. ത്രിപുരയിലെ ബിദ്യാബിൽ ഗ്രാമത്തിൽ ഒരു ഇന്ത്യാക്കാരനും മൂന്ന് ബംഗ്ലാദേശികളും കൊല്ലപ്പെട്ട സംഭവത്തിലാണ് തർക്കം. ഇന്ത്യ മനുഷ്യാവകാശം സംരക്ഷിക്കണമെന്ന് പറഞ്ഞ് രംഗത്ത് വന്ന ബംഗ്ലാദേശ് സർക്കാരിനെ തള്ളിയ ഇന്ത്യ, സംഭവം നടന്നത് ഇന്ത്യയിലാണെന്നും കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്നും കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ത്രിപുരയിൽ ഇന്ത്യാക്കാരനായ ഒരു ഗ്രാമീണനും രാജ്യത്തേക്ക് അനധികൃതമായി കുടിയേറിയ മൂന്ന് ബംഗ്ലാദേശ് പൗരന്മാരും കൊല്ലപ്പെട്ടത്. സംഭവത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ടാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ രംഗത്ത് വന്നത്. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം, ബംഗ്ലാദേശ് പൗരന്മാർ കൊലപ്പെടുത്തിയ സംഭവം മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമെന്ന് കുറ്റപ്പെടുത്തി.
തൊട്ടുപിന്നാലെയാണ് വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും മൂന്ന് കിലോമീറ്റർ മാറി ഇന്ത്യൻ അതിർത്തിയിലാണ് സംഭവം നടന്നതെന്നും കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ബംഗ്ലാദേശ് പൗരന്മാർ അനധികൃതമായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി മോഷണശ്രമം നടത്തിയതാണ്. നാട്ടുകാർ പ്രതിരോധിച്ചപ്പോൾ അവർ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. നാട്ടുകാർ സ്വയം പ്രതിരോധിച്ചപ്പോഴാണ് മൂന്ന് പേരും മരിച്ചത്. രണ്ടുപേർ സംഭവ സ്ഥലത്തും മൂന്നാമൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മൂന്ന് മൃതദേഹങ്ങളും ബംഗ്ലാദേശ് അധികൃതർക്ക് കൈമാറിയെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.