ഐ ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവം….സുകാന്തിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു….

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിലെ പ്രതി സുകാന്തിനെതിരെ നടപടി. സുകാന്തിനെ ഐ ബി ജോലിയിൽ നിന്ന് പിരിച്ച് വിട്ടു കൊണ്ടാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഐബി പേട്ട പൊലീസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സംഭവത്തെ പറ്റി പേട്ട പൊലീസ് ഐ ബി ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും മാനസികവും ശാരീരികവുമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതില്‍ ചില തെളിവുകള്‍ ലഭിച്ചതായും പൊലീസ് അറിയിച്ചു.

പ്രതി സുകാന്തിനായി അന്വേഷണം നടന്നുവരികയാണ്. പൊലീസ് രണ്ട് ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. ഇയാള്‍ക്കായി കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ട്. ഐബി ഉദ്യോഗസ്ഥ മൂന്ന് ലക്ഷത്തോളം രൂപ സുകാന്തിന് കൈമാറിയതായി വ്യക്തമായിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി. പ്രതി സുകാന്തിനെതിരെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പണം തട്ടിയെടുക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Related Articles

Back to top button