വൈക്കത്ത് വായുനിറച്ച കളിയുപകരണം തകരാറിലായി…ഉപകാരണത്തിനുള്ളിൽ കുടുങ്ങി കുട്ടികൾ..

വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം കായലോര ബീച്ചില്‍ താത്കാലികമായി എത്തിച്ച വായു നിറച്ച കളിയുപകരണം തകരാറിലായി. ഉപകരണത്തിനുള്ളില്‍ കുടുങ്ങിയ അഞ്ച് വയസിന് താഴെയുള്ള 10 കുട്ടികളെ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു. ആര്‍ക്കും പരിക്കില്ല.

ഞായറാഴ്ച വൈകീട്ട് 6.45-നായിരുന്നു സംഭവം. 20 അടിയോളം മുകളിലേക്ക് കയറി ഊര്‍ന്നിറങ്ങുന്ന കളി ഉപകരണത്തില്‍ നിറച്ചിരുന്ന വായു പെട്ടെന്ന് ചോര്‍ന്നു. ഇതോടെ ഉപകരണത്തിന്റെ മുകളില്‍ കയറിയിരുന്ന കുട്ടികള്‍ താഴെ വീണു. സംഭവം കണ്ടുനിന്ന മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ രക്ഷിക്കുകയായിരുന്നു. കുട്ടികള്‍ മറുഭാഗത്തേക്ക് വീഴാതെ ഉപകരണത്തിന്റെ ഊര്‍ന്നിറങ്ങുന്ന ഭാഗത്തുതന്നെ വീണതിനാല്‍ വലിയ അപകടം ഒഴിവായി. വൈക്കം നഗരസഭ വാടകയ്ക്ക് നല്‍കിയിരിക്കുന്ന സ്ഥലത്താണ് അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വിവിധ വിനോദ ഉപാധികള്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍, വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്താന്‍ ആരും തയ്യാറായിട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. വരുംദിവസങ്ങളില്‍ വന്‍തിരക്ക് ഉണ്ടാകുമെന്നിരിക്കെ ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.

Related Articles

Back to top button