ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ തിരുത്തേണ്ടത് തിരുത്തണമെന്ന് വെള്ളാപ്പള്ളി

ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ തിരുത്തേണ്ടത് തിരുത്തണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സര്‍ക്കാര്‍ പ്രവര്‍ത്തനം കൊണ്ട് തിരുത്തിയതായി കണ്ടെന്നും കേസുകള്‍ പിന്‍വലിക്കണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. സ്ത്രീപ്രവേശനവുമായി എസ്എന്‍ഡിപിയുടെ നിലപാട് വ്യക്തമായി പറഞ്ഞതാണ്. വിഷയത്തില്‍ മുന്‍പ് വന്ന വിധി വേദനാജനകമായിരുന്നു. സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ലെന്നും വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന വിധി അയ്യപ്പഭക്തര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല. ആ വിധിയെ അനുകൂലിച്ചവരാണ് ഇപ്പോള്‍ എതിര്‍ക്കുന്നത്. കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമുണ്ടാകേണ്ടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണ്. അതില്‍ എസ്എന്‍ഡിപി കക്ഷി ചേരേണ്ടതില്ല. ഈ ആശയമുള്ളവര്‍ അവിടെ കക്ഷികളാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളിലെ തെറ്റും, ശരിയും കോടതി കണ്ടുപിടിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അവിടെ നടന്നത് കൊള്ളയാണോ എന്ന് അറിയില്ലെന്നും താന്‍ കൊള്ളയില്‍ സാക്ഷിയല്ലെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു.




