ശങ്കരദാസിനെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ ആകുമോ? കെ പി ശങ്കരദാസിനെതിരെ വീണ്ടും ഹൈക്കോടതി

ശബരിമലയില്‍ സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസിനെതിരെ വീണ്ടും ഹൈക്കോടതി. ശങ്കരദാസിന്റെ അസുഖത്തെ സംബന്ധിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ശങ്കരദാസിനെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ ആകുമോ എന്നും പരിശോധിക്കണമെന്നും റിപ്പോർട്ട് മുദ്ര വച്ച കവറിൽ സമർപ്പിക്കാനുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ശങ്കരദാസ്.
സ്വർണ്ണകൊള്ള കേസിലെ 11-ാം പ്രതിയായ ശങ്കരദാസിനെ കഴിഞ്ഞ ദിവസമാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി സ്വകാര്യ ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തത്. ആശുപത്രിയിൽ കഴിഞ്ഞിരുന്ന ശങ്കരദാസിൻ്റെ അറസ്റ്റ് വൈകിയതിനെ ശക്തമായി ഹൈക്കോടതി വിമർശിച്ചിരുന്നു. മകൻ എസ്പിയായത് കൊണ്ടാണ്, ശങ്കരദാസ് ആശുപത്രിയിൽ കഴിയുന്നത് എന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ഇതിന് പിന്നാലെയായിരുന്നു ശങ്കരദാസിനെ എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് കൊല്ലം വിജിലൻസ് കോടതി ജഡ്ജ് ആശുപത്രിയിലെത്തി റിമാൻഡ് രേഖപ്പെടുത്തുകയും ചെയ്തു. പിന്നാലെ ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കെ പി ശങ്കരദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.



