അടുക്കളയിൽ പ്രകൃതിയുടെ ‘ഫ്രീ കണക്ഷൻ’… 15 വർഷമായി ഗ്യാസ് സിലിണ്ടറില്ലാതെ…. ആലപ്പുഴയിലെ ഈ വീട് ഒരു അത്ഭുതമാണ്…

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ ആറാട്ടുവഴി സിഖ് ജംക്ഷനു സമീപം കാർത്തികയിൽ 15 വർഷമായി ഗ്യാസ് സ്റ്റൗ എരിയുന്നത് നയാപൈസ ചെലവില്ലാതെ. പ്രകൃതി സ്വമേധയാ നൽകിക്കൊണ്ടിരിക്കുന്ന ഈ ‘ഗ്യാസ് സപ്ലൈ’ ഇതുവരെ തടസ്സപ്പെട്ടിട്ടില്ല. യുദ്ധാനന്തര പ്രതിസന്ധിയായി പാചകവാതകം കിട്ടാതെ ജനം നെട്ടോട്ടമോടുമ്പോൾ ഈ വീട്ടിലെ അടുക്കളയിലെ ഗ്യാസ് അടുപ്പുകൾ അല്ലലില്ലാതെ കത്തിക്കൊണ്ടിരിക്കുന്നു.
രമേശൻ–രത്നമ്മ ദമ്പതികളുടെ വീട്ടിലാണു 2011 മുതൽ സ്വയം പര്യാപ്തമായ പ്രകൃതിവാതക സമൃദ്ധി. പുതിയ വീട് പണിത ശേഷം നവംബർ 7ന് കുഴൽക്കിണർ കുഴിച്ചപ്പോഴായിരുന്നു അദ്ഭുതം. വീട്ടിൽ 5 മീറ്റർ ആഴത്തിൽ ഒരു കുഴൽക്കിണർ ഉണ്ടായിരുന്നെങ്കിലും വരുന്നതു കലക്കവെള്ളം. അതിനാലാണ് 20 മീറ്റർ ആഴത്തിൽ പുതിയതൊന്നു കുഴിച്ചത്. എന്നാൽ കുഴിയിൽ നിന്നു പ്രകൃതിവാതകമാണു പുറത്തേക്കു വന്നത്. പൈപ്പ് ഊരിയെടുത്ത ശേഷം വെൽഡ് ചെയ്യാൻ തീ കത്തിച്ചപ്പോൾ പെട്ടെന്നു തീ പടർന്നു. ഒരാഴ്ചയോളം ആ തീ അണഞ്ഞില്ല.
ഭൂജല വകുപ്പിൽ നിന്നും എണ്ണക്കമ്പനികളിൽ നിന്നുമെല്ലാം വിദഗ്ധരെത്തി പ്രകൃതിവാതകമാണെന്നും പാചകത്തിന് ഉപയോഗിക്കാമെന്നും അറിയിച്ചു. അങ്ങനെ കുഴൽ വഴി വാതകം അടുക്കളയിലേക്ക്. കുഴിക്കു സമീപം പുതിയൊരു അടുക്കള കെട്ടി കുഴിയുടെ മുകൾ ഭാഗം കോൺക്രീറ്റ് ചെയ്തു. വാതകത്തിന്റെ വരവ് നിയന്ത്രിക്കാൻ പൈപ്പിൽ റഗുലേറ്ററും വച്ചു. അതിശക്തമായ മഴക്കാലത്തു പ്രകൃതിവാതകത്തിന്റെ അളവ് നേരിയ തോതിൽ കുറയും, അപ്പോഴത്തേക്കായി ഒരു എൽപിജി സിലിണ്ടർ കരുതിവയ്ക്കുമെന്നു രത്നമ്മ പറഞ്ഞു. ഒരു വർഷം മുൻപെടുത്ത സിലിണ്ടർ അനങ്ങാതെ വീട്ടിലിരിപ്പുണ്ട്. പൂന്തോപ്പ് വാർഡ് ശരണ്യയിൽ ബാലചന്ദ്രന്റെ വീട്ടിലും ആറാട്ടുവഴിയിലെ എൻ.ഷാജിയുടെ വീട്ടിലും ഇതേ രീതിയിൽ പ്രകൃതിവാതകം ലഭിച്ചിരുന്നു. ഇവിടെയെല്ലാം ഇടയ്ക്കിടെ മാത്രമാണു വാതക ലഭ്യത. ആലപ്പുഴ മേഖലയിൽ ഭൂഗർഭത്തിൽ പ്രകൃതിവാതകം ഉണ്ടെന്നും കുഴിച്ചപ്പോൾ ഈ വാതകം പുറത്തേക്കു വന്നതാകുമെന്നും ഭൂഗർഭ ജലവിഭാഗം സംസ്ഥാന ഡയറക്ടറായി വിരമിച്ച ആൻസി ജോസഫ് പറഞ്ഞു.



