ആംബുലൻസിന്‍റെ വഴിതടഞ്ഞ് സ്വകാര്യബസുകളുടെ മരണപാച്ചിൽ…. ബസുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്….

കാഞ്ഞാണിയിൽ ആംബുലൻസിൻ്റെ വഴിതടഞ്ഞ് മരണപാച്ചില്‍ നടത്തിയ മൂന്ന് സ്വകാര്യ ബസുകൾ കസ്റ്റഡിയിലെടുത്ത് അന്തിക്കാട് പൊലീസ്. ആംബുലൻസിൻ്റെ വഴി തടഞ്ഞ സംഭവത്തിൽ സ്വകാര്യ ബസുകളുടെ ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുത്തു.  ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമെതിരെ നടപടിക്ക് ശുപാർശ ചെയ്തതായി തൃപ്രയാർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാർ പറഞ്ഞു. മൂന്ന് ബസുകളിലെ നിയമ ലംഘനമാണ് കണ്ടെത്തിയത്. ഡ്രൈവർമാരെയും കണ്ടക്ടർമാരെയും പെരുമാറ്റച്ചട്ടം പരിശീലിപ്പിക്കാൻ എടപ്പാളിലുള്ള ഐ ഡി ടി ആർ ലേക്ക് അയക്കും. 5 ദിവസമായിരിക്കും പരിശീലനമെന്നും ദിലീപ് കുമാർ കൂട്ടിച്ചേര്‍ത്തു.  കാഞ്ഞാണി സെൻ്ററിൽ കണ്ടക്ടർമാർ ബസിൽ നിന്നിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. അതിനാൽ ഡ്രൈവർക്കൊപ്പം കണ്ടക്ടറും തുല്യ ഉത്തരവാദിയാണെന്ന് എംവിഐ അറിയിച്ചു. ശനിയാഴ്ച്ച വൈകീട്ട് 4.30 നാണ് രോഗിയുമായി പോയ ആംബുലൻസിനെ സ്വകാര്യ ബസ്സുകൾ വഴിമുടക്കിയത്. ആംബുലൻസ് ഡ്രൈവറുടെ പരാതിയിലാണ് അന്തിക്കാട് പൊലീസ് കേസെടുത്തത്.

Related Articles

Back to top button