മാവേലിക്കരയിൽ യു.ഡി.എഫിൽ അഡ്വ.സനിൽ കുഞ്ഞച്ചന് സാധ്യത

സംവരണ മണ്ഡലമായ മാവേലിക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ അഡ്വ.സനിൽ കുഞ്ഞച്ചന് സാദ്ധ്യത തെളിയുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടേയും കെ.പി.സി.സി പ്രസിഡന്റ് .സണ്ണി ജോസഫിന്റേയും മുതിർന്ന കോൺഗ്രസ് നേതാവും എ.ഐ.സി.സി പ്രവർത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തിൽ കെ.പി.സി.സി ആസ്ഥാനത്ത് നടന്ന സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ അഡ്വ.സനിൽ കുഞ്ഞച്ചന്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നു . ജില്ലയിലെ കെ.പി.സി.സി സെക്രട്ടറിമാരെല്ലാം അതിനെ അനുകൂലിച്ചതായാണ് വിവരം. കേരള ഹൈക്കോടതിയിലേയും, മാവേലിക്കര കോടതിയിലേയും അഭിഭാഷകനും ചെന്നിത്തല സ്വദേശിയുമായ അഡ്വ.സനിൽ കുഞ്ഞച്ചന്റെ പേര് കഴിഞ്ഞ തവണയും പരിഗണനയിലുണ്ടായിരുന്നു.
ഭാരതിയ ദളിത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായ ഇദ്ദേഹത്തിന്റെ സംഘടനാ പ്രവർത്തന മികവാണ് നേതൃത്വത്തിന്റെ പരിഗണനയിലേക്ക് പേര് വരുവാൻ കാരണം. അദ്ധ്യാപനവൃത്തി ഉപേക്ഷിച്ചാണ് അഭിഭാഷകനായത്. വിവിധ പട്ടികജാതി, പട്ടിക വർഗ്ഗ സംഘടനകളുടെ നിയമോപദേശകനും, ഭാരവാഹിയുമായ ഇദ്ദേഹം പുലയ സമുദായാംഗവും കെ.പി.എം.എസിന്റെ പ്രവർത്തകനുമാണ്. മുപ്പത്തിയെണ്ണായിരത്തോളം സമുദായ വോട്ടുകളുള്ള മണ്ഡലത്തിൽ കെ.പി.എം.എസിന്റെ പൂർണ്ണ പിൻതുണ ഇദ്ദേഹത്തിനാണെന്നതും കെ.പി.സി.സി പരിഗണിച്ചിരുന്നു. കൂടാതെ മാവേലിക്കര, വള്ളികുന്നം, ചുനക്കര , നൂറനാട്, താമരക്കുളം, തെക്കേക്കര, തഴക്കര എന്നിവിടങ്ങളിലെ ബന്ധുജന സ്വാധീനവും സ്ഥാനാർത്ഥി പട്ടികയിൽ പരിഗണ ലഭിക്കുന്നതിന് അനുകൂല ഘടകമാണ്. സനിലിന് സ്ഥാനാർത്ഥിത്വം ലഭിച്ചാൽ അനുകൂല സാഹചര്യങ്ങളെല്ലാം മുതലാക്കി മാവേലിക്കര മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ.



