കായംകുളത്ത്… യുവതിയെ മയക്കമരുന്ന് കേസിൽ കുടുക്കാൻ… ഭർത്താവ് MDMA പാഴ്സലായി അയച്ചു… പക്ഷേ…..

കായംകുളം- ഭർത്താവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വേർപിരിഞ്ഞു താമസിക്കുന്ന ഭാര്യയെ കുടുക്കാനായി യുവാവ് നടത്തിയ ഗൂഢശ്രമം പൊളിഞ്ഞു. കായംകുളത്തിന് അടുത്താണ് സംഭവം.

ഭർത്താവിന്റെ സംശയ രോഗത്തെ തുടർന്നും ക്രൂരമായ ഉപദ്രവത്തെ തുടർന്നും യുവതി വർഷങ്ങളായി ഭർത്താവുമായി കടുത്ത അഭിപ്രായ വ്യത്യാസത്തിൽ കഴിഞ്ഞു വരികയാണ്. ആദ്യം യുവതി കായംകുളം കോടതിയിൽ കേസ് കൊടുത്തിരുന്നുവെങ്കിലും മധ്യസ്ഥന്മാർ ഇടപെട്ട് കേസ് സെറ്റിൽ ചെയ്യുകയും തുടർന്ന് യുവതി ഭർത്താവിനോടൊപ്പം ഗൾഫിൽ താമസിച്ചു വരികയുമായിരുന്നു. അവിടെവെച്ചും സംശയത്തെ തുടർന്ന് അതിക്രൂരമായി ഉപദ്രവം ഏറ്റ യുവതി തിരികെ നാട്ടിലെത്തി ഭർത്താവിനെതിരെ മാവേലിക്കര കുടുംബകോടതിയിൽ അഡ്വ.മുജീബ് റഹ്‌മാൻ മുഖേന കേസ് കൊടുത്തു. കേസ് നിലനിൽക്കെ ഭർത്താവ് യുവതിയുടെ അയൽവാസിയും ഉറ്റ സുഹൃത്തുമായ ആളിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതിന് ഒരുമാസം മുമ്പ് സുഹൃത്ത് യുവതിയുടെ ഭർത്താവിനെതിരെ പോലീസിൽ രേഖമൂലം പരാതി നൽകിയിരുന്നു.

കഴിഞ്ഞദിവസം പുള്ളിക്കണക്ക് പോസ്റ്റ് ഓഫീസ് മുഖേന ഭാര്യയുടെ പേരിൽ ഒരു കവർ വന്നു. കവറിനുള്ളിൽ ചെറിയ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലിയിലുള്ള ഒരു വെളുത്ത ദ്രാവകമായിരുന്നു ഉണ്ടായിരുന്നത്. അയച്ചയാളുടെ മേൽവിലാസം കണ്ട് സംശയം തോന്നിയ ഭാര്യയും വീട്ടുകാരും ഉടൻതന്നെ അയച്ചതായി കാണിച്ചയാളുടെ ഫോണിലേക്ക് വിളിച്ചു ചോദിച്ചപ്പോൾ താൻ അങ്ങനെ ഒരു കവർ അയച്ചിട്ടില്ല എന്ന് മറുപടിയാണ് ലഭിച്ചത്. സംശയം തോന്നിയ യുവതിയും വീട്ടുകാരും ഉടൻതന്നെ വള്ളികുന്നം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പോലീസ് കവർ വിശദമായി പരിശോധിച്ചപ്പോഴാണ് കവറിനുള്ളിൽ MDMA ആണെന്ന് വ്യക്തമായത്. ഭർത്താവിനെതിരെ പരാതി കൊടുത്ത സുഹൃത്തിന്റെ അനുജന്റെ മേൽവിലാസത്തിൽ നിന്നും അയച്ചതായിട്ടാണ് കവറിൽ കാണിച്ചിരിക്കുന്നത്.

ഭാര്യയെയും തനിക്കെതിരെ പരാതി നൽകിയ ഭാര്യയുടെ സുഹൃത്തിന്റെ അനുജനെയും ഒരേസമയം മയക്കമരുന്ന് കേസിൽ കുടുക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് യുവാവ് ഇങ്ങനെ ചെയ്തത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാകുന്നത്. സംഭവത്തിൽ ഒന്നിലധികം പ്രതികൾ ഉള്ളതായും സൂചനയുണ്ട്. തപാൽ മുഖേന മയക്കമരുന്ന് അയച്ചുകൊടുത്തതിനുശേഷം പോലീസ് മുഖേന റെയ്‌ഡ്‌ നടത്തി അറസ്റ്റ് ചെയ്യിപ്പിക്കാൻ ഉള്ള ഭർത്താവിന്റെ ഗൂഢശ്രമമാണ് ഇതിലൂടെ പൊളിഞ്ഞത്.

Related Articles

Back to top button