ആലപ്പുഴയിൽ പട്ടാപകൽ വീട് കുത്തി തുറന്ന് സ്വർണ്ണം മോഷ്ടിച്ച്….പ്രതി പിടിയിൽ…

അമ്പലപ്പുഴ :തകഴി കുന്നുമ്മ പന്നക്കളം പുത്തൻപറമ്പ് വീട്ടിൽ തോമസിന്റെ വീട്ടിൽ പട്ടാപകൽ വീട് കുത്തി തുറന്ന് പതിമൂന്നര പവനോളം സ്വർണ്ണം മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതി പിടിയിൽ. പുറക്കാട് പഞ്ചായത്ത്‌ ആറാം വാർഡ് ഇല്ലിച്ചിറയിൽ പുത്തൻ പറമ്പ് വീട്ടിൽ ചെല്ലപ്പൻ്റെ മകൻ സുദേശൻ ( 40) നെ ആണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി മോഹന ചന്ദ്രൻ ഐ.പി.എസ് ന്റെ നിർദ്ദേശാനുസരണം അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റ് കെ.എൻ. രാജേഷിന്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം ഫെബ്രുവരി 22 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവ ദിവസം വീട്ടുടമസ്ഥനായ തോമസിന്റെ ചേട്ടന്റെ മകളുടെ കല്യാണമായതിനാൽ തോമസ് രാവിലെ 10.30 മണിക്ക് കുടുംബ സമേതം വീട് പൂട്ടി പുറക്കാട് പള്ളിയിൽ കല്യാണത്തിന് പോയിരുന്നു. പിന്നീട് കല്യാണം കഴിഞ്ഞു ഉച്ചക്ക് 2.30 ഓടെ തിരികെ വീട്ടിൽ എത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് തോമസിന്റെ ഭാര്യ ബീനയുടെ പരാതിയിന്മേൽ അമ്പലപ്പുഴ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ശാസ്ത്രീയ പരിശോധനക്കായി മോഷണ സ്ഥലത്തു നിന്നും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച ഫിംഗർ പ്രിന്റും മറ്റു തെളിവുകളും കോർത്തിണക്കി നടത്തിയ അന്വേഷണത്തിൽ ഈ വീടുമായി സഹകരിച്ചിരുന്നവർ ആരോ ആണ് മോഷണം നടത്തിയത് എന്ന നിഗമനത്തിൽ അമ്പലപ്പുഴ സി.ഐ യുടെ നേതൃത്വത്തിൽ ഉള്ള അനേഷണസംഘം പരിസരവാസികളുടെയും, ബന്ധുക്കളുടെയും അടക്കം 50 ൽ കൂടുതൽ ആളുകളുടെ ഫിംഗർ പ്രിന്റും കാൾ ഡീറ്റൈൽസും, ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസും പരിശോധിച്ചതിൽ ഈ മോഷണം ഉണ്ടാകുന്നതിനു മുൻപും പിൻപും സ്വിച്ച് ഓഫ് ആയിരുന്നതും സ്ഥലത്തു നിന്നും മിസ്സിംഗ്‌ ആയ ആളുകളെയും കണ്ടെത്തി അന്വേഷണം നടത്തി.

മോഷണം നടന്ന വീടിനു സമീപം മുൻപ് വാടകയ്ക്ക് താമസിച്ചിരുന്ന പ്രതിയെ സംശയം തോന്നി സ്റ്റേഷനിൽ കൂട്ടി കൊണ്ട് വന്നു പരിശോധിച്ചപ്പോൾ ഇയാളുടെ വിരലടയാളം സ്വർണം സൂക്ഷിച്ചിരുന്ന അലമാരയിൽ നിന്നും ലഭിച്ച വിരലടയാളുമായി യോജിക്കുന്നതായി മനസിലാക്കി. അയാളെ ചോദ്യം ചെയ്തതിൽ ആദ്യം കുറ്റം സമ്മതിക്കാതിരുന്ന പ്രതി പിന്നീട് പൊലീസിന്റെ തെളിവുകൾക്ക് മുന്നിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

സംഭവ ദിവസം എല്ലാവരും കല്യാണത്തിനു പോയ ശേഷം രാവിലെ 11 മണിയോടെ മോഷണം നടന്ന വീടിനു 1.5 കിലോ മീറ്റർ ഇപ്പുറം പാലത്തിനു സമീപം സ്കൂട്ടർ വെച്ച് നടന്നു പോയ പ്രതി വീടിന്റെ അടുക്കള വാതിലിന്റെ പൂട്ട് പൊളിച്ചു കിടപ്പു മുറിയിൽ കയറി അലമാര പൊളിച്ചു അതിൽ ഉള്ളിലിരുന്ന സ്വർണ്ണം എടുത്തു കടന്നു കളയുകയായിരുന്നു. ഇയാൾ വീടിന്റെ പൂട്ട് ഉപേക്ഷിച്ച സ്ഥലം വരെ പോലീസ് ഡോഗ് മണം പിടിച്ചു എത്തിയിരുന്നു.

തുടർന്ന് ഇയാൾ മോഷ്ടിച്ച സ്വർണം കുഞ്ഞുമോൻ എന്നയാളുടെ പുരയിടത്തിൽ കൊണ്ട് പോയി കുഴിച്ചിട്ട ശേഷം രണ്ടു ദിവസം കഴിഞ്ഞു വന്നു എടുത്തു താലി മാലയിലെ കുരിശ് മിന്ന്‌ കരുമാടിയിലെ പള്ളിയുടെ കാണിക്കവഞ്ചിൽ ഇടുകയും, ബാക്കി സ്വർണം വിൽക്കുകയും മാറ്റി പുതിയ സ്വർണം വാങ്ങുകയും ആയിരുന്നു. പ്രതി മോഷണം ചെയ്ത് എടുത്ത മുഴുവൻ സ്വർണവും അമ്പലപ്പുഴ പൊലീസ് റിക്കവറി ചെയ്തിട്ടുള്ളതാണ്.

പ്രതിയെ അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും. പ്രതി സമാന മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരുന്നു. സബ്ബ് ഇൻസ്‌പെക്ടർമാരായ അനീഷ്. കെ. ദാസ്, ഹാഷിം, ഫിംഗർ പ്രിന്റ് എക്സ്പേർട്ട് പ്രതിഭ പി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ് കുമാർ, സുജിമോൻ, ബിബിൻദാസ്, വിഷ്ണു ജി, വിനിൽ എം. കെ, ജോസഫ് ജോയ്, മുഹമ്മദ്‌ ഹുസൈൻ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button