പുള്ളിപ്പുലിയുടെ പിടിയിൽ വളർത്തുനായ, ചാടിവീണ് ആക്രമിച്ച് മാനസികാരോഗ്യ വിദഗ്ധൻ.. ഒടുവിൽ ചത്തു…
വളർത്തുനായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മാനസികാരോഗ്യ വിദഗ്ധനും ഭാര്യയും പുള്ളിപ്പുലിയെ നേരിട്ടത് അരമണിക്കൂറോളം. ഒടുവിൽ 55 വയസ് പ്രായമുള്ള മാനസികാരോഗ്യ വിദഗ്ധന്റെ ആക്രമണത്തിൽ പുലി ചത്തു. ചിപ്ലുനിലെ തൊണ്ടാലി വരേലി സ്വദേശിയുടെ വളർത്തുനായയെ പുള്ളിപ്പുലി ലക്ഷ്യമിട്ടത്. ആശിഷ് മഹാജൻ എന്നയാളാണ് നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പുള്ളിപ്പുലിയെ ആക്രമിച്ചത്. പൂനെയിൽ മാനസികാരോഗ്യ വിദഗ്ധനായിരുന്നു ആശിഷ് മഹാജൻ വിരമിച്ച ശേഷമാണ് രത്നഗിരിയിലേക്ക് എത്തിയത്. പുലർച്ചെ വളർത്തുനായ അസാധാരണമായി കുരയ്ക്കുന്ന ശബ്ദം കേട്ടാണ് 55കാരൻ വീടിന് പുറത്ത് എത്തിയത്.

വളർത്തുനായയെ കൊല്ലാനൊരുങ്ങുന്ന പുള്ളിപ്പുലിയെ ആണ് വീടിന് പുറത്ത് ആശിഷ് കണ്ടത്. കയ്യിലുണ്ടായിരുന്ന ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് പുള്ളിപ്പുലിയെ ഓടിക്കാൻ ശ്രമിച്ച് ഫലം കാണാതെ വന്നപ്പോഴാണ് ഭാര്യ കത്തിയുമായി വന്നത്. ഇതോടെ മറ്റൊന്നും നോക്കാതെ 55 കാരൻ പുള്ളിപ്പുലിയുടെ ദേഹത്തേക്ക് ചാടിവീണ് വന്യമൃഗത്തെ ആക്രമിക്കുകയായിരുന്നു. വളർത്തുനായയുടെ ദയനീയമായ കരച്ചിലാണ് ഇത്തരമൊരു സാഹസത്തിലേക്ക് പ്രേരിപ്പിച്ചതെന്നാണ് 55കാരൻ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. തിരികെ പുള്ളിപ്പുലി ആക്രമിച്ചതിൽ 55കാരന് പരിക്കുകൾ സംഭവിച്ച നിലവിൽ ചികിത്സയിൽ തുടരുകയാണ്.



