തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടകശേഖരം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഇടനിലക്കാരൻ അറസ്റ്റിൽ

തമിഴ്‌നാട്ടിലെ ധർമപുരിയിൽ നിന്നും തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടകശേഖരം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഇടനിലക്കാരൻ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശി പനീർശെൽവമാണ് പാലക്കാട് ടൌൺ സൌത്ത് പോലീസിൻറെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് വാളയാർ–വടക്കാഞ്ചേരി ദേശീയപാതയിൽ തണ്ണിമത്തനടിയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തുക്കളുമായെത്തിയ മിനി ലോറി ടൗൺ സൌത്ത് പോലീസ് പിടികൂടിയത്. അന്നുതന്നെ മിനി ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽകുമാറിനെയും ഇന്നലെ അകമ്പടിയായി വന്ന കാർ ഡ്രൈവർ ദുരൈരാജിനെയും അറസ്റ്റുചെയ്തു.
റിമാൻഡിൽ കഴിയുന്ന സെന്തിൽകുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇടനിലക്കാരനെ കുറിച്ച് സൂചന ലഭിച്ചത്. പിന്നാലെ ഇൻസ്പെക്ടർ എസ്. വിപിൻകുമാറും സംഘവും തമിഴ്‌നാട് തിരുവണ്ണാമലയിൽ നിന്നാണ് പനീർശെൽവത്തെ കസ്റ്റഡിയിലെടുത്തത്. ധർമപുരിയിൽ നിന്നും സ്ഫോടക വസ്തുക്കൾ വാങ്ങാൻ ഇടനിലയായി നിന്നത് പനീർശെൽവമാണെന്നാണ് പോലീസ് പറയുന്നത്. പിടിയിലാവരെ ചോദ്യംചെയ്തെങ്കിലും സ്ഫോടക വസ്തുക്കൾ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന കാര്യത്തിൽ കൃത്യമായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. തൃശൂർ ജില്ലയിലേക്കാണ് സ്ഫോടക വസ്തുക്കൾ എത്തിക്കാൻ പദ്ധതിയിട്ടിരുന്നതെന്നാണ് ലഭിച്ചിരിക്കുന്ന സൂചന. അതേസമയം, വിശദമായ ചോദ്യം ചെയ്യലിനായി ഇന്നലെ പിടിയിലായ ദുരൈരാജിനായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകും.




