തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി…. കാരണം വ്യക്തമാക്കാതെ സ്പീക്കറും രാജ്യസഭാ അധ്യക്ഷനും

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഔദ്യോഗിക സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ ഇംപീച്ച്‌മെന്റ് നോട്ടീസ് ലോക്‌സഭാ സ്പീക്കറും രാജ്യസഭാ അധ്യക്ഷനും തള്ളി. 193 പ്രതിപക്ഷ എംപിമാർ ഒപ്പിട്ടു നൽകിയ നോട്ടീസാണ് പരിശോധനകൾക്ക് ശേഷം തള്ളിയത്. എന്നാൽ നോട്ടീസ് നിരസിക്കാനുള്ള കൃത്യമായ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ഔദ്യോഗിക പദവിയിലിരുന്ന് ഗ്യാനേഷ് കുമാർ പക്ഷപാതപരമായി പെരുമാറുന്നുവെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നുവെന്നും എംപിമാർ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ഉന്നയിക്കപ്പെട്ട പരാതികളിലെ അന്വേഷണം മനഃപൂർവ്വം അട്ടിമറിക്കാൻ കമ്മിഷണർ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും നോട്ടീസിലുണ്ട്. വിവേചനപരമായ പെരുമാറ്റം ഉൾപ്പെടെ ആറോളം പരാതികളാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. 130 ലോക്‌സഭാംഗങ്ങളും 63 രാജ്യസഭാംഗങ്ങളുമാണ് നോട്ടീസിൽ ഒപ്പിട്ടിരുന്നത്.

നോട്ടീസ് തള്ളിയ നടപടിക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. പ്രതിപക്ഷ നിവേദനം സ്വീകരിച്ച രാജ്യസഭയിലെ മുൻ അധ്യക്ഷന് എന്ത് സംഭവിച്ചു എന്ന് എല്ലാവർക്കും അറിയാം, എന്ന് മുതിർന്ന നേതാവ് ജയറാം രമേശ് പരിഹസിച്ചു. ഉന്നയിച്ച വശങ്ങളെല്ലാം പരിശോധിച്ച ശേഷം നോട്ടീസ് സ്വീകരിക്കാതിരിക്കാനുള്ള അധികാരം വിനിയോഗിക്കുന്നു എന്ന് മാത്രമാണ് സഭാ അധ്യക്ഷന്മാർ അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button