ഉദ്യോഗസ്ഥരുടെ പക്വതയില്ലായ്മ…പൂരം കലക്കിയത് ഉദ്യോഗസ്ഥരെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്…സുരേഷ് ഗോപി

തൃശൂർ പൂരം കലക്കിയത് ഉദ്യോഗസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഉദ്യോഗസ്ഥരുടെ പക്വതയില്ലായ്മ കാരണമാണ് പൂരം കലങ്ങിയതെന്ന് മുഖ്യമന്ത്രി പരസ്യമായി പോലും സമ്മതിച്ചിട്ടുണ്ട്. 2025 ലെ പൂരം മീറ്റിംഗിൽ 2024 ലെ പൂരം അലങ്കോലപ്പെട്ടതിന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെയാണ് കുറ്റപ്പെടുത്തിയത്.
ഉദ്യോഗസ്ഥരുടെ അപക്വമായ ഇടപെടലുകളാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് അദ്ദേഹം തുറന്നു പറഞ്ഞതായും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് ഇപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നും പൂരം കലക്കലുമായി ബന്ധപ്പെട്ട മൊഴികൾ ഉടൻ ഹൈക്കോടതിയിൽ എത്തുമെന്നും തൃശൂർ പൂരം പ്രദർശന നഗരിയുടെ ഉദ്ഘാടന വേദിയിൽ സുരേഷ് ഗോപി വിവരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് രവീന്ദ്രന്റെ പരാമർശങ്ങൾക്കുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.



