ക്രിമിനൽ കേസ് പ്രതികൾക്ക് അനധികൃതമായി പരോൾ നൽകുന്നു… സഭ ബഹിഷ്കരിച്ച് പ്രതിഷേധം

ക്രിമിനൽ കേസുകളിൽ പ്രതികളായ സിപിഎമ്മുമാർക്ക് അനധികൃതമായി പരോൾ അനുവദിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്പീക്കർ. അടിയന്തര പ്രാധാന്യമില്ലാത്ത വിഷയം ആയതുകൊണ്ടാണ് നോട്ടീസ് തള്ളിയതെനന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. ഇതോടെ നിയമസഭ ബഹിഷ്കരിച്ച് പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി. സർക്കാരിന് സൗകര്യമുള്ള വിഷയങ്ങൾ മാത്രമേ ചർച്ചയ്ക്ക് എടുക്കുകയുള്ളുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമർശനം. വിഷയ ദാരിദ്രം കൊണ്ടാണ് പ്രതിപക്ഷം ഇത്തരം നോട്ടീസുകൾ നൽകുന്നതെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ ആക്ഷേപം.
പയ്യന്നൂരിൽ പോലീസിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിലെ പ്രതിയ്ക്ക് ഒരു മാസത്തിൽ പലതവണ പരോൾ അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ശൂന്യവേളയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ സ്പീക്കർ നോട്ടീസ് തള്ളുകയായിരുന്നു. കെ കെ രമ എംഎൽഎയാണ് നോട്ടീസ് സമർപ്പിച്ചിരുന്നത്.
അതിനിടെ നോട്ടീസ് പരിഗണിക്കില്ലെന്ന സ്പീക്കറുടെ നിലപാടിനെ എതിർത്തുകൊണ്ട് പ്രതിപക്ഷം മുന്നോട്ടുവരുകയും അനുകൂലിച്ചുകൊണ്ട് ഭരണപക്ഷം രംഗത്തെത്തുകയും ചെയ്തു. ബാനറുകളും പ്ലക്കാഡുകളും ആയി നടുത്തളത്തിലേക്കിറങ്ങിയ പ്രതിപക്ഷത്തിനെതിരെ സ്പീക്കർ നിലപാട് കടുപ്പിച്ചു. ഇന്നെന്താ ചർച്ചയില്ലേ എന്ന തലക്കെട്ടിലായിരുന്നു പ്രതിപക്ഷ ബാനർ. 50 മിനിറ്റോളം നടുത്തളത്തിൽ പ്രതിഷേധമുയർത്തിയ ശേഷം പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിച്ച് പുറത്തുപോയി.




