പണയം വയ്ക്കുന്ന സ്വർണം വ്യാജമാണോ എന്ന് കണ്ടെത്താൻ ഇനി എഐ പരിശോധന; കേരളത്തിലെ സ്വകാര്യ ബാങ്കുകളിൽ…….

വ്യാജ സ്വർണം കണ്ടെത്താൻ ഇനി വളരെ എളുപ്പമാണ്. എ.ഐ ആപ്ലിക്കേഷൻ വികസിപ്പിച്ച് ടെക്നോപാർക്കിലെ ഇഗ്‌നോസി (IGNOSI) എന്ന കമ്പനി. കേരളത്തിലെ സ്വകാര്യ ബാങ്കുകളിൽ എഐ ആപ്ലിക്കേഷനൊപ്പം എഐ സഹായത്തോടെയുള്ള രജിസ്ട്രേഷൻ കൗണ്ടറുകളും ഉണ്ടാകും. കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്റെ (എ.കെ.പി.ബി.എ) 67-ാമത് യോഗത്തിലാണ് ഇവ അവതരിപ്പിച്ചത്. യോഗം ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

ബാങ്കിലെത്തുന്നവർക്ക് സെക്കന്റുകൾക്കുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്ന തരത്തിലാണ് എ.ഐ സംവിധാനം പ്രവർത്തിക്കുന്നത്. ഉപയോക്താവിന്റെ ഫോട്ടോ എ.ഐ സംവിധാനം പകർത്തുകയും സെക്കന്റുകൾക്കുള്ളിൽ തിരിച്ചറിഞ്ഞ് രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയുമാണ് ചെയ്യുന്നത്. പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി കാത്തിരിപ്പ് സമയം കുറക്കാനും ഉപയോക്താവിന് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. 1,500-ലധികം സ്ഥാപനങ്ങൾ എ.ഐ രജിസ്‌ട്രേഷൻ കൗണ്ടർ സംവിധാനം ഏറ്റെടുത്തിട്ടുണ്ട്.

ഇത്രയധികം സ്ഥാപനങ്ങൾ എ.ഐ രജിസ്ട്രേഷൻ സംവിധാനത്തിന്റെ ഭാഗമായത് സാങ്കേതിക വിദ്യയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നതാണെന്ന് എ.കെ.പി.ബി.എ പ്രസിഡന്റ് പി.എ ജോസ് പറഞ്ഞു. എ.ഐ സാങ്കേതിക വിദ്യ അതീവ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനൊപ്പം വ്യാജ സ്വർണം കണ്ടെത്താനുള്ള എ.ഐ. സംവിധാനവും ഇഗ്‌നോസി അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ ചിത്രം വിശകലനം ചെയ്ത്, മുമ്പ് റിപ്പോർട്ട് ചെയ്ത വ്യാജ സ്വർണ തട്ടിപ്പ് കേസുകളുടെ ഡാറ്റാബേസുമായി താരതമ്യം ചെയ്യുകയാണ് സംവിധാനം ചെയ്യുന്നത്. മുൻകാലങ്ങളിൽ ബാങ്കിൽ മുക്കുപണ്ടം അടക്കമുള്ളവ പണയം വെക്കാൻ ശ്രമിച്ചവരുടെ വിവരങ്ങൾ മിക്ക ബാങ്കുകളിലുമുണ്ട്. ഇതും ഉപയോക്താവിന്റെ ചിത്രവുമായി താരതമ്യം ചെയ്ത് സംശയം തോന്നുന്നവരുടെ വിവരങ്ങൾ ആപ്ലിക്കേഷൻ ബാങ്കിന് കൈമാറുന്നു. ഇതുവഴി ജീവനക്കാർക്ക് മുൻകരുതലെടുക്കാൻ സാധിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

എ.ഐ രജിസ്‌ട്രേഷൻ കൗണ്ടറും എ.ഐ ഫേക്ക് ഡിറ്റക്ഷൻ ആപ്പും രാജ്യത്തെ എല്ലായിടത്തേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ഇഗ്‌നോസി.

Related Articles

Back to top button