ട്രെയിനിന് നേരെ കല്ലെറിഞ്ഞാൽ പൂട്ടിക്കെട്ടും…. കർശന നിയമം വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറും അതിക്രമങ്ങളും തടയാൻ കർശനമായ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. റെയിൽവേ അതിക്രമങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് എല്ലാവിധ സംരക്ഷണവും ഉറപ്പാക്കുമെന്നും അറിയിച്ചു.
ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ല. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ‘പൂട്ടിക്കെട്ടാൻ’ തക്കവണ്ണമുള്ള നിയമമാകും കേന്ദ്രം ആവിഷ്കരിക്കുക. പരിക്കേറ്റ കുട്ടിയുടെ കുടുംബത്തിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഇപ്പോൾ ധനസഹായം പ്രഖ്യാപിക്കാൻ കഴിയില്ലെങ്കിലും സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുമെന്നും ‘അത്ഭുതങ്ങൾ വിരിയുമെന്നും’ സുരേഷ് ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിൽ ക്രൈസ്തവ സഭകൾക്ക് യാതൊരു ആശങ്കയുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിയമം ദുരുപയോഗം ചെയ്തവർ മാത്രം ഭയന്നാൽ മതി. പിണറായി വിജയനും ഉമ്മൻ ചാണ്ടിയും പറഞ്ഞിട്ടുള്ളതുപോലെ ‘ഉപ്പ് തിന്നവൻ വെള്ളം കുടിക്കും’ എന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. സഭാ നേതൃത്വങ്ങളുമായി താൻ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ബിഷപ്പുമാർക്ക് നേരിട്ട് ഓഡിയോ സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കൃത്യമായ കണക്കുകൾ ബോധിപ്പിക്കുന്നവർക്ക് നിയമം ഒരു പ്രശ്നമാകില്ലെന്നും ഇത് ഇന്ത്യൻ ജനതയുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



