‘യുഡിഎഫ് വന്നാൽ ബസ് ഓടില്ല… പിന്നെങ്ങനെ സൗജന്യ യാത്ര’…… കെഎസ്ആർടിസിയെ കട്ടപ്പുറത്താക്കിയവരാണ് വാഗ്ദാനം നൽകുന്നത്… എം.വി. ജയരാജൻ

കണ്ണൂർ: കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ ആരോപണങ്ങൾ പച്ചനുണയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. കെഎസ്ആർടിസിയെ തകർക്കാനുള്ള വാഗ്ദാനമാണ് യുഡിഎഫിന്റേതെന്നും ബസ്സിലും അടുക്കളയിലും കയറിയുള്ള ഗിമ്മിക്കുകൾ കൊണ്ട് ജനവികാരം അനുകൂലമാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെയാണ് കെ.സി. വേണുഗോപാൽ പെരുമാറുന്നത്. വ്യാജരേഖയുണ്ടാക്കി യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് അട്ടിമറിച്ച രാഹുൽ മാങ്കൂട്ടത്തിലിനെയാണ് ഇത്തരം കാര്യങ്ങൾ അദ്ദേഹം ഓർമ്മിപ്പിക്കേണ്ടതെന്ന് എം.വി. ജയരാജൻ പരിഹസിച്ചു. യുഡിഎഫ് ഭരിക്കുന്ന കാലത്ത് കെഎസ്ആർടിസിയെ കട്ടപ്പുറത്താക്കിയവരാണ് ഇപ്പോൾ സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നത്. അവർ വന്നാൽ ബസ് ഓടില്ല എന്നതാണ് യാഥാർത്ഥ്യമെന്നും പിന്നെ എങ്ങനെ സൗജന്യ യാത്ര നൽകുമെന്നും അദ്ദേഹം ചോദിച്ചു.
എൽഡിഎഫ് നൽകുന്നത് കെഎസ്ആർടിസിയെ സംരക്ഷിക്കാനുള്ള വാഗ്ദാനങ്ങളാണ്. എന്നാൽ യുഡിഎഫ് കെഎസ്ആർടിസി സംരക്ഷണത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇത് സ്ഥാപനത്തെ പൂർണ്ണമായും തകർക്കാനേ ഉപകരിക്കൂ. വോട്ടർമാരെ സ്വാധീനിക്കാൻ ബസ്സിൽ കയറിയും മറ്റും നടത്തുന്ന പ്രചാരണങ്ങൾ വെറും നാടകങ്ങൾ മാത്രമാണ്. നാടിന്റെ യഥാർത്ഥ വികാരം മനസ്സിലാക്കാൻ ഇത്തരം വിദ്യകൾക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



