ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നതെങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം ; കെ മുരളീധരൻ

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നതിനോട് പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നതെങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. പോറ്റിക്കൊപ്പം മുഖ്യമന്ത്രിയുടെയും ഫോട്ടോ ഉണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവരെ രക്ഷിക്കാൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കസർത്തിൻ്റെ ഭാഗമായാണ് എസ്ഐടിയുടെ നടപടിയെന്നും മുരളീധരൻ പ്രതികരിച്ചു.
എസ്ഐടി ഇപ്പോള്‍ മുഖ്യമന്ത്രിക്ക് കീഴിലാണെന്നും, ഹൈക്കോടതിക്ക് കീഴിലല്ലെന്നും മുരളീധരൻ വിമർശിച്ചു. റിപ്പോർട്ട് മാത്രമാണ് എസ്ഐടി ഹൈക്കോടതിക്ക് നൽകുന്നത്. ഉത്തരവ് ഇടുന്നത് മുഖ്യമന്ത്രിയാണ്. പോറ്റിയെ കേറ്റിയതും, സ്വര്‍ണം കട്ടതും സിപിഐഎം ആണ്. എസ്ഐടിയുടെ ചോദ്യം ചെയ്യൽ നടക്കട്ടെയെന്നും ബാക്കി കാര്യങ്ങൾ ആലോചിച്ച് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ യുഡിഎഫിൻ്റെ പുതുയുഗ യാത്ര’യിലെ ആളുകളെ കണ്ട് മുഖ്യമന്ത്രിയുടെ സമനിലതെറ്റി. ജാഥയ്ക്ക് ഇതൊന്നും തിരിച്ചടിയാകില്ല. യഥാര്‍ത്ഥ കളളന്മാരെ രക്ഷിക്കാൻ നോക്കേണ്ടെന്നും തങ്ങൾ അധികാരത്തിലെത്തിയാൽ അവരെ പിടിച്ച് അകത്തിടുമെന്നും അദ്ദേഹം വ്യക്തമാക്കി.



