എനിക്കെന്തെങ്കിലും സംഭവിച്ചാൽ… ഇറാനെ ഭൂമിയിൽ നിന്നും ഇല്ലാതാക്കാൻ നിർദേശം നൽകി; ട്രംപ്

തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ ഭൂമിയിൽ തുടച്ച് നീക്കാൻ നിർദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂസ് നേഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. തനിക്കെതിരെ നടന്ന വധശ്രമം പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാൻ തനിക്കെതിരെയുള്ള വധശ്രമത്തിൽ ഉൾപ്പെട്ടുവെന്ന് കണ്ടെത്തിയാൽ ആ രാജ്യത്തെ പൂർണമായും നശിപ്പിക്കാൻ നിർദ്ദേശം നൽകി എന്നാണ് ട്രംപ് പറഞ്ഞത്.
മനയിയുടെ ഭരണം അവസാനിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. അതിനു പിന്നാലെ, തങ്ങളുടെ നേതാവിനെ ആക്രമിച്ചാൽ ആക്രമിക്കുന്നവരുടെ രാജ്യം ഇല്ലാതാക്കുമെന്ന് ഇറാൻ സൈനിക വക്താവ് വ്യക്തമാക്കിയിരുന്നു. ഖമേനിയെ ലക്ഷ്യം വെക്കാനുള്ള ഏതൊരു നീക്കവും അമേരിക്കയുമായുള്ള യുദ്ധത്തിന് വഴിവെക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും പറഞ്ഞിരുന്നു.
ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിൽ പ്രതിഷേധക്കാരെ അധികൃതർ അടിച്ചമർത്തുന്ന നടപടികൾക്കെതിരെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിലെ പ്രതിഷേധക്കാരെ അടിച്ചമർത്തുന്നത് തുടർന്നാൽ സൈനിക നീക്കമുണ്ടാകുമെന്നും ഖമേനി ഒളിച്ചിരിക്കുന്ന ഇടം തങ്ങൾക്കറിയാമെന്നും ട്രംപ് പറഞ്ഞിരുന്നു.



